കൊല്ലം: ഇസ്രായിലില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ മലയാളികളടക്കം നൂറ് കണക്കിന് ഇന്ത്യക്കാരുടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. ഇന്ത്യന്‍ എംബസിയില്‍ നിന്നും യാതൊരു സഹായവും ഇവര്‍ക്ക് ലഭിക്കുന്നില്ലെന്നാണ് പരാതി.
ജനുവരി പകുതിയോടെ ഇന്ത്യയിലേക്ക് ഇസ്രായിലില്‍ നിന്നും വിമാന സര്‍വ്വീസ് നിര്‍ത്തിയതോടെയാണ് നാട്ടിലേക്ക് പുറപ്പെടാനിരുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിയത്. പലതരം വിസകളില്‍ എത്തിയവരുടെ മടക്ക യാത്രയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്. ജോലി നഷ്ടപ്പെട്ടവര്‍ നാട്ടില്‍ എത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
കോവിഡ് വ്യാപനം വര്‍ധിച്ചത് മൂലമാണ് വിമാന സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുന്നതെന്നാണ് എംബസി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. വിസാ കാലാവധി കഴിഞ്ഞ വിവരം എംബസിയെ അറിയിച്ചിട്ടും പരിഹാര മാര്‍ഗങ്ങള്‍ നല്‍കാന്‍ പോലും തയ്യാറാവുന്നില്ലെന്നാണ് കുടുങ്ങി കിടക്കുന്ന മലയാളികള്‍ പറയുന്നത്. വിദേശകാര്യ മന്ത്രാലയം അടിയന്തരമായി ഇടപെട്ട് തങ്ങളെ നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.