ദോഹ : നിശ്ചിത വ്യവസ്ഥകളോടെ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസ് ഈ മാസം 18 മുതല്‍ പുനരാരംഭിക്കും. ഖത്തര്‍ എയര്‍വേയ്‌സിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്കുമാണ് അനുമതി. ഈ മാസം 18 മുതല്‍ 31 വരെയാണ് കരാര്‍ കാലാവധി.
ധാരണപ്രകാരം ഇരു രാജ്യങ്ങള്‍ക്കും ഇടയിലുള്ള പ്രതിവാര സര്‍വ്വീസുകള്‍ ഖത്തര്‍ എയര്‍വേയ്‌സിനും ഇന്ത്യന്‍ വിമാനങ്ങള്‍ക്കും സീറ്റുകളുടെ അടിസ്ഥാനത്തില്‍ തുല്യമായി വിഭജിക്കും. ഇന്ത്യയില്‍ നിന്നും ഖത്തര്‍ വരെ മാത്രമാണ് യാത്രാനുമതി.
ഖത്തറില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാര്‍, ഖത്തര്‍ പാസ്‌പോര്‍ട്ടുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍, നയതന്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിസയുള്ള ഖത്തര്‍ പൗരന്മാര്‍ എന്നിവര്‍ക്കാണ് ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്രാനുമതി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യുഎഇക്ക് ശേഷം ഇന്ത്യയുമായി എയര്‍ ബബിള്‍ കരാറില്‍ ഒപ്പുവെക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഖത്തര്‍.
കേന്ദ്ര വ്യോമയാന മന്ത്രാലയവും ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും തമ്മിലുള്ള ധാരണ പ്രകാരം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഖത്തറിലേക്ക് മടങ്ങിവരാന്‍ കഴിയാതെ ആശങ്കയില്‍ കഴിയുന്ന ഖത്തര്‍ പ്രവാസികളുടെ മടക്ക യാത്ര സാധ്യമാകും.