ന്യൂഡല്‍ഹി : രാജ്യത്ത് നിബന്ധനയോടെ ഇളവുകള്‍ നല്‍കിയുള്ള നാലാം ഘട്ട ലോക്ഡൗണിലേയ്ക്ക് കടക്കുമ്പോള്‍ വിമാനസര്‍വീസുകള്‍ ആരംഭിയ്ക്കുമെന്ന് സൂചനകള്‍ നല്‍കി കേന്ദ്രം. രാജ്യത്ത് ആദ്യം ആരംഭിയ്ക്കുന്നത് ആഭ്യന്തര വിമാന സര്‍വീസുകളാണ്. ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുമ്പോള്‍ ആദ്യം 80 വയസ്സിനു മേലുള്ളവര്‍ക്കു യാത്രാനുമതി നല്‍കേണ്ടതില്ലെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയം. രോഗലക്ഷണമുള്ളവരെയും അനുവദിക്കില്ല. യാത്രക്കാരുട മൊബൈല്‍ ഫോണില്‍ ആരോഗ്യ സേതു ആപ് നിര്‍ബന്ധമാക്കും. ഇവയടക്കമുള്ള നിബന്ധനകളോടെ സര്‍വീസ് ആരംഭിക്കാനുള്ള നടപടികള്‍ക്കാണ് മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്
അതേസമയം അന്തിമ തീരുമാനം വരും മുന്‍പേ എയര്‍ ഇന്ത്യ ഒഴികെയുള്ള വിമാനക്കമ്പനികള്‍ ജൂണ്‍ ഒന്നു മുതലുള്ള ആഭ്യന്തര, വിദേശ യാത്രകളുടെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കേരളത്തില്‍നിന്നു ഡല്‍ഹി, മുംബൈ അടക്കം വിവിധ നഗരങ്ങളിലേക്കും ഗള്‍ഫിലേക്കും ടിക്കറ്റ് ലഭ്യമാണ്. വരുംദിവസങ്ങളില്‍ 25 – 30 % സര്‍വീസുകള്‍ ആരംഭിക്കുന്നതിനു തയാറാകാന്‍ പൈലറ്റുമാര്‍ക്ക് എയര്‍ ഇന്ത്യ നിര്‍ദേശം നല്‍കി.
നിയന്ത്രണങ്ങള്‍ ഈ വിധമാണ്
രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമ്പോള്‍, യാത്രക്കാര്‍ 3 മണിക്കൂര്‍ മുന്‍പു വിമാനത്താവളത്തിലെത്തേണ്ടി വരും. വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ചെക്ക് ഇന്‍ കൗണ്ടര്‍ അടയ്ക്കും യാത്രക്കാര്‍ക്കു മാസ്‌ക് നിര്‍ബന്ധം. വിമാനത്താവളത്തിലേക്കും വിമാനത്തിലേക്കും കയറും മുന്‍പ് യാത്രക്കാരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ചു പരിശോധിക്കും. രോഗലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. ഇവര്‍ക്കു മറ്റൊരു തീയതിയില്‍ സൗജന്യമായി ടിക്കറ്റ് മാറ്റിയെടുക്കാം. യാത്രക്കാര്‍ക്കിടയില്‍ സീറ്റ് ഒഴിച്ചിടില്ല. യാത്രയ്ക്കിടെ രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ മാറ്റുന്നതിനായി അവസാന 3 വരിയിലെ സീറ്റുകള്‍ ഒഴിച്ചിടും.
വിമാനത്തിനുള്ളില്‍ കാബിന്‍ ലഗേജ് അനുവദിക്കില്ല. 20 കിലോയില്‍ താഴെയുള്ള ഒരു ബാഗ്, ചെക്ക് ഇന്‍ ബാഗേജ് ആയി അനുവദിക്കും. യാത്രക്കാരുടെ ദേഹപരിശോധന പരമാവധി ഒഴിവാക്കും. പകരം കൂടുതല്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍ വിമാനത്താവളത്തില്‍ സ്ഥാപിക്കും. യാത്രക്കാരുടെ ബോര്‍ഡിങ് പാസ് സ്റ്റാമ്പ് ചെയ്യുന്നത് ഒഴിവാക്കും. വിമാനത്തില്‍ ഭക്ഷണ വിതരണമില്ല. കുടിവെള്ളം ലഭിക്കും .