കൊച്ചി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്നതിന് വിമാനടിക്കറ്റ് കൈക്കൂലിയായി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കും. ഇത് സംബന്ധിച്ച് അന്വേഷണ സംഘം വൈകാതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിനിടെ വീട്ടില്‍ വെച്ച് സഹോദരന്മാര്‍ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടികള്‍ അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചതായാണ് സൂചന.
എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ പെണ്‍കുട്ടിയുടെ കുടുംബം ഗുരുതരമായ പരാതി ഉന്നയിച്ചിരുന്നു. കൊച്ചിയില്‍ താമസിക്കുന്ന യുപിക്കാരായ കുടുംബത്തിലെ 17കാരി കഴിഞ്ഞ ഓഗസ്റ്റില്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട യുവാവുമായി ദില്ലിയിലേക്ക് നാടുവിട്ടിരുന്നു. 14കാരിയായ സഹോദരിക്കൊപ്പമായിരുന്നു യാത്ര. മക്കളെ കാണാതായതോടെ മാതാപിതാക്കള്‍ എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി.
കുട്ടികള്‍ ദില്ലിയിലുണ്ടെന്ന് അറിഞ്ഞിട്ടും കാര്യമായ അന്വേഷണമുണ്ടായില്ല. തുടര്‍ന്ന് മൂന്ന് വിമാനടിക്കറ്റുകള്‍ എടുത്ത് നല്‍കിയ ശേഷമാണ് പോലീസുകാര്‍ ഡല്‍ഹിയിലേക്ക് പോയതെന്ന് കുടുംബം ആരോപിക്കുന്നു. ഈ ടിക്കറ്റുകള്‍ എടുക്കുന്നതിന് സമ്മര്‍ദ്ദം ചെലുത്തിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടി വരുന്നത്.