പത്തനംതിട്ട : വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട എല്ലാ മുന്‍കരുതലുകളും ജില്ലയില്‍ സ്വീകരിച്ചിട്ടുണ്ടെന്ന്
വനം, വന്യജീവി വകുപ്പു മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു. അടൂര്‍ നിയോജക മണ്ഡലത്തിലെ പന്തളം മേഖലയിലുള്ള ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
പത്തനംതിട്ട ജില്ലയില്‍ നിലവില്‍ ഭയപ്പാടുണ്ടാക്കുന്ന രീതിയിലുള്ള വെള്ളപ്പൊക്ക സാഹചര്യമില്ല. നിലവില്‍ മഴയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ട്. ആറുകളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യവുമില്ല. എംപി, ജില്ലയിലെ എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍, മറ്റ് ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ നേരത്തേ തന്നെ യോഗങ്ങള്‍ ചേര്‍ന്ന് എല്ലാ ക്രമീകരണങ്ങളും നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത മഴയില്‍ നദികളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍, തുടര്‍ന്നു മഴ പെയ്താല്‍ ജലനിരപ്പ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് പമ്പ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. വെള്ളം കയറാന്‍ സാധ്യതയുള്ള മേഖലകളിലെ ആളുകളെ വീടുകളില്‍ നിന്നും ക്യാമ്പുകളിലേക്ക് മാറ്റാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതുപ്രകാരം ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റുന്ന നടപടി പുരോഗമിക്കുകയാണ്.
അടൂര്‍ മണ്ഡലത്തിലെ പന്തളം മേഖലയില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ പ്രളയം ബാധിച്ചിരുന്നു. മുന്‍ അനുഭവം മുന്‍നിര്‍ത്തി എംഎല്‍എയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വെള്ളപ്പൊക്ക മുന്‍കരുതലുകള്‍ എല്ലാം തന്നെ സ്വീകരിച്ചിരുന്നതായും മന്ത്രി പറഞ്ഞു. പന്തളം മുടിയൂര്‍കോണം എംറ്റിഎല്‍പിഎസ്, മങ്ങാരം എംഎസ്എം എല്‍പി എസ് സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളാണ് മന്ത്രി സന്ദര്‍ശിച്ചത്. മുടിയൂര്‍കോണം എംറ്റിഎല്‍പിഎസില്‍ 16 കുടുംബങ്ങളിലെ 60 ല്‍ അധികം പേരും, മങ്ങാരം എംഎസ്എം എല്‍പിഎസില്‍ അഞ്ചു കുടുംബങ്ങളിലെ 20 പേരുമാണ് താമസിക്കുന്നത്. തുടര്‍ന്ന് പന്തളം ഐരാണിക്കുഴി ഷട്ടറും, പന്തളം എന്‍എസ്എസ് ഗേള്‍സ് എച്ച്എസില്‍ രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കരുതലായി എത്തിച്ച മത്സ്യ തൊഴിലാളികളുടെ വള്ളങ്ങളും മന്ത്രി സന്ദര്‍ശിച്ചു.
അച്ചന്‍കോവിലാര്‍ കരകവിഞ്ഞതിനെ തുടര്‍ന്ന് അടൂര്‍ മണ്ഡലത്തില്‍ നാലു ക്യാമ്പുകളാണ് തുറന്നതെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. കടയ്ക്കാട് കൃഷി ഫാമില്‍ 13 ഏക്കര്‍ കരിമ്പുകൃഷി വെള്ളപ്പൊക്കത്തില്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. അടൂര്‍ മണ്ഡലത്തിലേക്ക് കൊല്ലത്തുനിന്നും മത്സ്യ തൊഴിലാളികളുടെ നാലു വള്ളങ്ങള്‍ എത്തിച്ചിട്ടുണ്ട്. അതില്‍ മൂന്ന് വള്ളം പന്തളത്തും ഒരു വള്ളം തുമ്പമണ്ണിലും നിലയുറപ്പിച്ചു. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ വെള്ളപൊക്കം നേരിടാനുള്ള എല്ലാ സജ്ജീകരങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു. 2018ലെ പ്രളയത്തിനു ശേഷം ഐരാണിക്കുഴി ഷട്ടറിന്റെ കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുകയും തുടര്‍ന്ന് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ച സാഹചര്യത്തില്‍ ആലപ്പുഴ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പുതിയ ഷട്ടറുകളുടെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയുമാണ്. ഷട്ടര്‍ നിര്‍മാണം പൂര്‍ത്തിയായാല്‍ ഈ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ സാധിക്കും.
പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി.കെ സതി, അടൂര്‍ ആര്‍ഡിഒ എസ്. ഹരികുമാര്‍, അടൂര്‍ തഹസില്‍ദാര്‍ ബീനാ എസ്. ഹനീഫ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയന്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം സന്ദര്‍ശനം നടത്തി.