തിരുവല്ല : വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അച്ചന്‍കോവില്‍, പമ്പ മണിമലയാറുകളുടെ തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളില്‍ അടിഞ്ഞ് കിടക്കുന്ന എക്കലും മാലിന്യവും അപ്പർ കുട്ടനാട് മേഖലയെ ആശങ്കയിലാഴ്ത്തുന്നു. ഒഴുകിയെത്തിയ ചെളി നീക്കം ചെയ്യാന്‍ തന്നെ മാസങ്ങള്‍ എടുത്തേക്കും. തീരത്തോട് ചേർന്നു കിടക്കുന്ന പാടശേഖരങ്ങളിലെ കർഷകർ ആശങ്കയിൽ. ഒക്ടോബറില്‍ തുടങ്ങി മാര്‍ച്ച് ആദ്യവാരത്തോടെ പൂര്‍ത്തിയാകുന്ന അപ്പര്‍കുട്ടനാടന്‍ കൃഷി ഇത്തവണ പാളുമെന്ന സംശയത്തിലാണ് മിക്ക കർഷകരും. മാസങ്ങൾ മുന്നോട്ട് പോയാല്‍ വിളവെടുപ്പ് സമയം വേനല്‍ മഴ വില്ലനാകും.
മൺസൂൺ തുലാവർഷ ആരംഭവും വലിയ ആഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കര്‍ഷകര്‍ പറയുന്നു. വിതയിറക്കും വിളവെടുപ്പും എല്ലാം ഇക്കുറി വെള്ളത്തിലാകുമോ
എന്ന സംശയത്തിലുമാണവർ. കാലവര്‍ഷവും തുലാവര്‍ഷവും അപ്രതീക്ഷിത ആഘാതം ഉണ്ടാക്കിയതിനാല്‍ ഒട്ടുമിക്കയിടത്തും നിലമൊരുക്കല്‍ പോലും
വേണ്ട വിധം നടന്നിട്ടില്ല. ഒരുമാസം മുന്നോട്ട് പോയാല്‍ വിളവെടുപ്പ് സമയം വേനല്‍ മഴ വില്ലനാകും. പിന്നീട് മണ്‍സൂണ്‍ ആരംഭവും വലിയ ആഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കര്‍ഷകര്‍ പറയുന്നു.
കൃഷിയിറക്കുന്നതിനു മുമ്പ് പുറം ബണ്ടുകള്‍ ബലപ്പെടുത്തണം. പോള തിങ്ങിക്കിടക്കുന്നതു കാരണം അതിനു കഴിയുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. മട വീണ പാടശേഖരങ്ങളുടെ ബണ്ടുകള്‍ ബലപ്പെടുത്തുന്നത് യന്ത്രത്തിന്റെ സഹായത്താലാണ്. പോള കാരണം യന്ത്രം ഇറക്കാനും കഴിയാത്ത സ്ഥിതിയാണ്. നിലമൊരുക്കലിന് ശേഷം വരമ്പ് തിരിക്കലും ചാലുവെട്ടും അടക്കം ഈ മാസം പൂര്‍ത്തിയായാലെ അടുത്തമാസം പകുതിക്കെങ്കിലും വിത ഇറക്കാന്‍ കഴിയു. എന്നാല്‍ പാടശേഖരത്തെ വെളളക്കെട്ടും ഇടതോടുകളിലെ തടസവും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു. അച്ചന്‍കോവിലാറ്റിലും പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന തോടുകളിലും പോള നിറഞ്ഞു കിടക്കുകയാണ്.
പെരിങ്ങര നിരണം കടപ്ര, കുറ്റൂർ എന്നിവിടങ്ങളിലെ പാടശേഖരങ്ങളിലുമാണ് കൃഷി ഇറക്കുവാന്‍ കഴിയാത്ത വിധത്തില്‍ തോടുകളില്‍ പോള നിറയുന്നത്. ഇറിഗേഷന്‍ വകുപ്പാണ് ആറ്റിലെയും തോടുകളിലെയും പോളകള്‍ മാറ്റി നീരൊഴുക്ക് സുഗമമാക്കാന്‍ നടപടി സ്വീകരിക്കേണ്ടതെന്ന് കര്‍ഷകര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി തോടുകള്‍ വൃത്തിയാക്കുന്ന പ്രവൃത്തികളും ചെയ്തിരുന്നു. പോളയുടെ ശല്യം ഒഴിവാക്കണമെന്നു കാണിച്ച് കര്‍ഷകര്‍ ഇറിഗേഷന്‍ വകുപ്പിന് നിവേദനം നല്‍കി കാത്തിരിക്കുകയാണ്. പോള മാറ്റുന്നതിന് അടിയന്തരമായി ഇടപെടണമെന്ന കാണിച്ച് പാടശേഖര സമിതികള്‍ കൃഷി ഭവനുകളില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്.