കൊച്ചി : സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസ് ഒരു വര്‍ഷം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാനോ തട്ടിയെടുത്ത പണം കണ്ടെത്താനോ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് സാധിച്ചില്ല. കേസന്വേഷണം നിലച്ചതോടെ കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനായ ഒന്നാം പ്രതി വിഷ്ണുപ്രസാദ് ഉള്‍പ്പടെ എല്ലാ പ്രതികളും ജാമ്യത്തിലാണ്.
മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ലഭിക്കേണ്ട തുക സിപിഎം നേതാക്കളും ഉദ്യോഗസ്ഥരും തട്ടിയെടുത്തു. എറണാകുളം കളക്ട്രേറ്റ് കേന്ദ്രീകരിച്ച് നടന്ന പകല്‍കൊള്ളയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി ഒരു വര്‍ഷമായിട്ടും സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി പ്രവര്‍ത്തിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. കളക്ട്രേറ്റിലെ ഉദ്യോഗസ്ഥനായ വിഷ്ണുപ്രസാദ് പ്രതിയായ രണ്ടാമത്തെ കേസില്‍ മാത്രമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ നഷ്ടപ്പെട്ട കോടികള്‍ എവിടയാണെന്ന് കണ്ടെത്താനും അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല.
സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മറ്റി അംഗങ്ങളായിരുന്ന എം.എം.അന്‍വര്‍, എന്‍.എന്‍ നിധിന്‍, കളക്ട്രേറ്റിലെ ഉദ്യോഗസ്ഥന്‍ വിഷ്ണുപ്രസാദ് തുടങ്ങി ഏഴിലധികം പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും എല്ലാവരും ജ്യാമ്യത്തില്‍ പുറത്തിറങ്ങി. ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്.
ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് കളക്ട്രേറ്റില്‍ നടത്തിയ ഗുരുതരമായ കൃത്യവിലോപവും ക്രമക്കേടുകളും കണ്ടെത്തിയിട്ടും കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല. നാട് മുഴുവന്‍ മുങ്ങിത്താഴ്ന്ന മഹാപ്രളയത്തില്‍ അകപ്പെട്ടവര്‍ നിത്യവൃത്തിക്ക് മാര്‍ഗ്ഗം ഇല്ലാതെ സര്‍ക്കാരിന്റെ കനിവ് കാത്ത് നില്‍ക്കുമ്പോള്‍ പണം തട്ടിയെടുത്ത പാര്‍ട്ടിനേതാക്കള്‍ പുറത്ത് വിലസുകയാണ്.