ന്യൂഡല്‍ഹി : ഒഡിഷയില്‍ കനത്തമഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ദുരിതം വിതക്കുന്നു. ദുരന്തനിവാരണ സേനയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് പത്ത് ജില്ലകളിലായി 4.67 ലക്ഷം പേരെ പ്രളയം ബാധിച്ചിട്ടുണ്ട്. 1,757 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. ബുധനാഴ്ച വരെ 60,000 ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും കൂടുതല്‍ പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
425 ഗ്രാമങ്ങളില്‍ നിന്നായി 2.5 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചതെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സംബല്‍പൂര്‍, സുബര്‍ണാപൂര്‍, ബൗധ്, കട്ടക്ക്, ഖുര്‍ദ, ജഗത്സിങ്പൂര്‍, കേന്ദ്രപാര, പുരി എന്നിവിടങ്ങളില്‍ നിരവധി കൃഷിയിടങ്ങളും വെള്ളത്തിനടിയിലാണ്. ഖോദ്ര ജില്ലയില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടുപോയവരെ രക്ഷപ്പെടുത്തിയതായി ദുരന്തനിവാരണ സേന അറിയിച്ചു.
ദുരന്തബാധിത പ്രദേശങ്ങളില്‍ എന്‍.ഡി.ആര്‍.പി, ഒ.ഡി.ആര്‍.എ.എഫ് എന്നിവരുടെ ഒമ്പത് യൂനിറ്റുകളും അഗ്നിശമന സേനയുടെ 44 സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി അധികൃതര്‍ അറിയിച്ചു. അതേസമയം, വ്യാഴാഴ്ച മുതല്‍ പ്രദേശത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാനും അപകടസാധ്യതപ്രദേശങ്ങളില്‍ നിന്നും ആളുകളെ മാറ്റിപാര്‍പ്പിക്കാനും ജില്ല കലക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്കത്തില്‍ നിരവധി റോഡുകളും പാലങ്ങളും തകര്‍ന്നിട്ടുണ്ട്