റാന്നി : കാലവർഷം വീണ്ടും ശക്തി പ്രാപിക്കുമെന്ന കാലാവസ്ഥ നിരീക്ഷണ വകുപ്പിൻ്റെ റിപ്പോർട്ടിനെ തുടർന്ന് പ്രളയത്തെ നേരിടാൻ അധികൃതർ പമ്പയുടെ തീരങ്ങളിൽ നിന്ന് വാരിക്കൂട്ടിയിട്ട മണ്ണും ചളിയും തിരികെ പമ്പാനദിയിൽ തന്നെ പതിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുമൂലം സർക്കാരിന് ഉണ്ടായിരിക്കുന്നത്.
ഈ വർഷം മഴ ശക്തിപ്രാപിക്കുന്നതിനു മുൻപ് ലക്ഷക്കണക്കിന് രൂപ ചിലവഴിച്ച് ജലവിഭവ വകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ പദ്ധതിയാണ് ഫലം കാണാതെ പോയത്. റാന്നി താലൂക്കിലെ പഴവങ്ങാടി, വടശ്ശേരിക്കര, പെരുനാട്, ചെറുകോൽ, റാന്നി, നാറാണംമൂഴി, അയിരൂർ, വെച്ചൂച്ചിറ പഞ്ചായത്തുകളിലെ 27 കടവുകളിൽ നിന്നാണ് മണ്ണും ചളിയും നീക്കം ചെയ്തത്.
2018ലുണ്ടായ മഹാപ്രളയത്തിൽ ഡാമുകളിൽ നിന്നടക്കം വലിയ തോതിൽ മണ്ണും ചളിയും നദീതീരങ്ങളിൽ അടിഞ്ഞുകൂടിയിരുന്നു. ഇനി ഒരു പ്രളയം വരാതിരിക്കാനുള്ള അതിനേ നേരിടാനുള്ള മുൻകരുതൽ എന്ന നിലയിലാണ് പദ്ധതിപ്രവർത്തികമാക്കിയത്. മണലും ചളിയും നാല് മീറ്റർ ആഴത്തിൽവരെയാണ് കോരി മാറ്റിയിരുന്നത്.
എന്നാൽ പമ്പാനദീതീരത്ത് വാരിക്കൂട്ടിയ മൺകൂനകൾ മഴയിൽ ഒലിച്ച് വീണ്ടും നദിയിലെത്തി. ഇതു കൂടാതെ മണ്ണും ചെളിയും വാരിയെടുത്ത് ഇട്ടിരുന്ന തിട്ടയും പലയിടത്തും ഇടിഞ്ഞുതാണു. റാന്നിയിലെ കടവുകളിൽനിന്ന് വാരിയെടുക്കുന്ന മണ്ണ് പഞ്ചായത്തുകൾ ആവശ്യപ്പെടുന്നതിനനുസരിച്ച് പൊതുസ്ഥലങ്ങളും മറ്റും നികത്തുന്നതിനായി ഉപയോഗിക്കാമെന്ന അധികൃതരുടെ നിർദേശവും ഇതോടെ പാഴ്വാക്കായി മാറി.