ഡല്‍ഹി : കേരളത്തില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയെന്ന് ദേശീയ ജല കമ്മീഷന്റെ മുന്നറിയിപ്പ് . മഴ തീവ്രമായ പശ്ചാത്തലത്തിലാണ് മുന്നിറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭവാനി പുഴയിലെ ജലനിരപ്പ് അപകടനിലയിലാണെന്നും സമീപവാസികളെ ഒഴിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേരളം അടക്കമുള്ള പത്തു സംസ്ഥാനങ്ങള്‍ക്കും മാഹിക്കും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം കര്‍ണാടക വനത്തിനകത്ത് ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. കണ്ണൂര്‍ കൂട്ടുപുഴ അതിര്‍ത്തിയിലെ ബാരാപോള്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നുണ്ട്. പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇരിട്ടി വട്ട്യാന്തോട് പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുകയാണ്.
വയനാട്ടില്‍ മേപ്പാടിയിലും പുത്തുമലയിലും ശക്തമായി മഴ പെയ്യുന്നതിനാല്‍ കോഴിക്കോട് ചാലിയാര്‍, പൂനൂര്‍ പുഴ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അധികൃതര്‍ അറിയിക്കുന്ന ഘട്ടത്തില്‍ മാറിത്താമസിക്കുന്നതിന് തയ്യാറാവേണ്ടതാണെന്നും നിര്‍ദ്ദേശം നല്‍കി.
കനത്ത മഴയിലും കാറ്റിലും മലപ്പുറം ജില്ലയുടെ പലഭാഗത്തും കനത്ത നാശനഷ്ടമുണ്ടായി. കൊളത്തൂര്‍, പുലാമന്തോള്‍, പാങ്ങ്, മൂര്‍ക്കനാട് പുഴക്കാട്ടിരി തുടങ്ങിയ പ്രദേശങ്ങളില്‍ മഴക്കൊപ്പം ഉണ്ടായ അതിശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും പൊട്ടിവീണുമാണ് നാശമുണ്ടായത്. കൊളത്തൂര്‍ വൈദ്യുതി സെക്ഷന്‍ പരിധിയില്‍ മരങ്ങള്‍ വീണ് മുപ്പതോളം വൈദ്യുതി കാലുകള്‍ തകര്‍ന്നു.