അഹമ്മദാബാദ് : ഗുജറാത്തിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 24 മണിക്കൂറിനിടെ എട്ട് പേർ കൂടി മരിച്ചു. ഇതോടെ ജൂൺ ഒന്നിന് ശേഷം മരിച്ചവരുടെ എണ്ണം 64 ആയി. പതിനായിരത്തോളം പേരെ വെള്ളപ്പൊക്ക ബാധിത പ്രദേശത്ത് നിന്നും സുരക്ഷിതമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്. ആകെ മരണത്തിൽ 33 പേർ ഇടിമിന്നലേറ്റും 8 പേർ മതിൽ തകർന്നുമാണ് മരിച്ചത്.
തലസ്ഥാനമായ അഹമ്മദാബാദിലാണ് ഏറ്റവും അധികം മഴ രേഖപ്പെടുത്തിയത്. 219 മില്ലിമീറ്റർ മഴയാണ് ഇവിടെ പെയ്തത്. ശക്തമായ മഴ നഗരത്തിലെ പല റോഡുകളെയും വെള്ളത്തിനടിയിലാക്കി. അണ്ടർപാസുകളിലും റോഡുകളിലും വെള്ളം കയറി. തെക്കൻ ഗുജറാത്തിലെ ദാംഗ്,നവസാരി,തപി,വൽസാദ് ജില്ലകളിലും മധ്യ ഗുജറാത്തിൽ പാഞ്ച്മഹൽ, ഛോട്ടാ ഉദേപൂർ, ഖേഡ ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെയും സംസ്ഥാന ധ്രുത പ്രതികരണ സേനയുടെയും 18 വീതം പ്ലാറ്റൂണുകളെയും സംസ്ഥാനത്ത് നിയോഗിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സ്ഥിതിഗതികൾ വിലയിരുത്തി, കേന്ദ്ര സഹായം വാഗ്‍ദാനം ചെയ്തു. വൽസാദിൽ അംബികാ നദി കരകവിഞ്ഞതിനെ തുടർന്ന് ഒറ്റപ്പെട്ട 16 പേരെ തീരസംരക്ഷണ സേന എയർലിഫ്റ്റ് ചെയ്തു. ചന്ദോദ്- ഏക‍്‍താ നഗർ സ്റ്റേഷനുകൾക്കിടയിലെ പാളം ഒഴഉകിപ്പോയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. അതേസമയം, ശക്തമോ അതിശക്തമോ ആയ മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ചില പ്രദേശങ്ങളിൽ കെട്ടിടങ്ങളുടെ താഴത്തെ നിലകൾ പൂർണ്ണമായും വെള്ളത്തിനടിയിലായി.
മഴ ദുരിതം നേരിടാൻ എൻഡിആർഎഫിന്‍റെ 13 സംഘങ്ങൾ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും രംഗത്ത് ഉണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയും ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്‍റെ ഫലമായി അടുത്ത 5 ദിവസം വ്യാപകമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും ഈ ദിനങ്ങളിൽ ശക്തമായ മഴ തുടരും. ജൂലൈ 13 മുതൽ 15 വരെ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിലുണ്ട്.