തിരുവല്ല : സംസ്ഥാനത്തെ പാതയോരങ്ങളിൽ സ്ഥാപിച്ച ഫ്ളക്‌സ് ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ഹൈക്കോടതി തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കുമ്പോള്‍ പല റോഡുകളിലും ഇപ്പോഴും ഫ്ലക്സ് ബോര്‍ഡുകള്‍ ഹൈക്കോടതിയെ നോക്കി കൊഞ്ഞനം കുത്തുകയാണ്. കോടതി ഉത്തരവ് നടപ്പിലാക്കുവാന്‍ സ്വയംഭരണ സ്ഥാപനങ്ങള്‍ യാതൊരു താല്‍പ്പര്യവും കാണിച്ചില്ലെന്നതിന്റെ തെളിവാണ് ഇത്. കോടതിയുടെ കണ്ണില്‍ പൊടിയിടാന്‍ എന്തൊക്കെയോ കാട്ടിക്കൂട്ടി എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. തിരുവല്ല ബിലിവേഴ്സ് മെഡിക്കല കോളേജ് റോഡില്‍ വാഹനങ്ങളുടെ കാഴ്ച മറച്ചുകൊണ്ട് സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോര്‍ഡ് ഇതിന് ഉത്തമ ഉദാഹരണമാണ്. തിരുവല്ല നഗരസഭയുടെ പരിധിയില്‍ ബഥേല്‍ പടി – ചുമത്ര റോഡിലാണ് വാരിക്കാട് സിറിയൻ ജാക്കോബൈറ്റ് സ്കൂളിലെ ക്രിസ്മസ് പരിപാടിയുടെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. നിരവധി വാഹനങ്ങൾ കടന്നു പോകുന്നതും അപകടം പതിയിരിക്കുന്നതുമായ വളവിലാണ് റോഡിലേക്ക് ഇറക്കി ബോർഡ് വെച്ചിരിക്കുന്നത്. ഒരു സ്കൂള്‍ അധികൃതര്‍ തന്നെ ഇത് ചെയ്തുവെന്നത് ഗുരുതരമായി കാണേണ്ടതാണ്.
ബോർഡുകൾ അടിയന്തിരമായി നീക്കംചെയ്യണമെന്ന് ഹൈക്കോടതി കഴിഞ്ഞ ആഴ്ച നിലപാട് കടുപ്പിച്ചതോടെ ശനിയാഴ്ച മുതൽ രാത്രിയും പകലും സ്ക്വാഡുകൾ രംഗത്തുണ്ടായിരുന്നു. നീക്കം ചെയ്യാത്തപക്ഷം ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാരിൽ പോസ്റ്ററുകൾ, ബനറുകൾ, ബോർഡുകൾ, കൊടികൾ ഒന്നിന് 5000രൂപ നിരക്കിൽ പിഴ ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി തദ്ദേശവകുപ്പും ഉത്തരവിറക്കിയിരുന്നു. കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറിയും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും നാളെ കോടതിയില്‍ അറിയിക്കും.