ഇലവുംതിട്ട : ബേക്കറിയിൽ നിന്ന് ചിക്കൻ വിഭവങ്ങൾ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യ വിഷബാധയേറ്റ ആറ് പേർ കൂടി ചികിത്സ തേടി. ഇതോടെ വിഷബാധയേറ്റവരുടെ എണ്ണം 26 ആയി. കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയ അസുഖം ഭേദമാവാത്ത ഏഴ് പേർ വീണ്ടും ആശുപത്രികളിലെത്തി. വിട്ടുമാറാത്ത വയറിളക്കും ഛർദിലുമായി ചെന്നീർക്കര കുടുംബാരോഗ്യ കേന്ദ്രത്തിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലുമാണ് വണ്ടും ചികിത്സ തേടിയത്. വിനോദ് ജോൺ, ശ്യാം കുമാർ, ഉഷ, അശ്വതി എന്നിവരാണ് കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്.
അച്ചു ആനന്ദിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തു. സഹോദരിമാരായ ടീന മറിയം, അലീന മറിയം എന്നിവർ തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇവരെ കൂടാതെ ഏഴ് പേർ പന്തളം സി. എം ആശുപത്രിയിലും ചികിത്സയിലാണ്. ഭക്ഷ്യ വിഷബാധയേറ്റ എല്ലാവർക്കും ശക്തമായ വയറു വേദനയും വയറ്റിളക്കവുമാണ് . നിലവിൽ 26 പേർ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇലവുംതിട്ടയിലെ ദീപാ ബേക്ക് ഹൗസ് ആൻഡ് കോഫീ ഹൗസ് ഭക്ഷ്യ സുരക്ഷാ വകുപ്പ് താത്കാലികമായി പൂട്ടി. ബേക്കറിയിൽ നിന്ന് പിടിച്ചെടുത്ത ആഹാര സാധനത്തിന്റെ സാമ്പിൾ പരിശോധനയ്ക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പത്തനംതിട്ടയിലുള്ള ലാബിൽ അയച്ചിട്ടുണ്ട്.