കോട്ടാങ്ങൽ : ഭക്ഷ്യസുരക്ഷാ വകുപ്പ് റാന്നി ഓഫീസ്, കോട്ടാങ്ങൽ കുടുംബാരോഗ്യകേന്ദ്രം എന്നിവ ചേർന്ന് മത്സ്യവ്യാപാര സ്ഥാപനങ്ങളിലും ബജിക്കടകളിലും ഹോട്ടലുകളിലും പരിശോധന നടത്തി.
ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് ബി.പിള്ള, ഭക്ഷ്യസുരക്ഷാ ഓഫീസർ ഡോ.ഒ.എസ്. സൗമ്യ എന്നിവർ നേതൃത്വം നൽകി. ചുങ്കപ്പാറ, വായ്പൂര് പ്രദേശങ്ങളിൽ മൊബൈൽ ലാബ് സൗകര്യത്തോടെയാണ് മത്സ്യം, കുടിവെള്ളം, ഭക്ഷണം എന്നിവയുടെ പരിശോധന നടത്തിയത്. വ്യാപാരികൾക്ക് ബോധവത്കരണവും നല്കി. ഭക്ഷ്യസുരക്ഷാ വകുപ്പ്, പഞ്ചായത്ത് എന്നിവയുടെ അനുമതി, ഹെൽത്ത് കാർഡ് എന്നിവ ഇല്ലാത്ത സ്ഥാപനങ്ങൾക്കും മാലിന്യം പൊതു തോട്ടിലേക്ക് ഒഴുക്കിയിരുന്നവർക്കും നോട്ടീസ് നല്കി.
മൊബൈൽ ലാബ് ടെക്നിക്കൽ അസിസ്റ്റൻറ് ദീപ്തി, ലാബ് അസിസ്റ്റൻറ് സുലഭ, അഭിലാഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.കെ.അതുൽ, ദർശന ഗോവിന്ദ് എന്നിവർ പങ്കെടുത്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫിന്റെ നേതൃത്വത്തിലുള്ള പൊതുജനാരോഗ്യസമിതിയുടെ തീരുമാനപ്രകാരമാണ് പരിശോധനകൾ നടത്തിയത്. ശരിയായ മാലിന്യസംസ്കരണം നടത്താത്ത സ്ഥാപനങ്ങൾക്കും പൊതുജനാരോഗ്യത്തിന് ഹാനികരമാക്കുന്ന രീതിയിൽ മലിനീകരണം നടത്തുന്ന വ്യക്തികൾക്കും എതിരേ കർശന നിയമനടപടി സ്വീകരിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. എഫ്. സിമി അറിയിച്ചു.