തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സ്‌ക്വാഡുകള്‍ സെപ്റ്റംബര്‍ 26 മുതല്‍ 30 വരെ ജില്ലയിലെ വിവിധ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തും. ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമകള്‍ക്ക് അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം തടവും ലഭിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.കെ. പ്രദീപ് കുമാര്‍ അറിയിച്ചു.
ഉത്പാദന യൂണിറ്റുകള്‍, ഹോട്ടലുകള്‍, പലചരക്ക് കടകള്‍, ബേക്കറികള്‍, പച്ചക്കറി കടകള്‍, മത്സ്യ വില്‍പനശാലകള്‍, തട്ടുകടകള്‍, ഇറച്ചി കോഴിക്കടകള്‍, വെള്ളം വില്‍പന നടത്തുന്ന ടാങ്കര്‍ ലോറികള്‍ തുടങ്ങി ഭക്ഷ്യ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും ഭക്ഷണസാധനങ്ങള്‍ ഉത്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും വില്‍പന നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷ ലൈസന്‍സ് /രജിസ്ട്രേഷന്‍ നിര്‍ബന്ധമായും എടുത്തിരിക്കണം.