ഭക്ഷണം ഏതൊരാളുടേയും ആരോഗ്യത്തിന് പരമപ്രധാനമായ കാര്യമാണ് എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ. സമീകൃതാഹാരം ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യത്തിനും ഏറെ ഗുണപ്രദമാണ്. അതിനാല്‍ തന്നെ ഭക്ഷണ കാര്യത്തില്‍ ആരോഗ്യകരമായ ഒരു തിരഞ്ഞെടുപ്പ് നടത്തുന്നത് എന്തുകൊണ്ടും പ്രധാനമാണ്. നമ്മുടെയെല്ലാം വീട്ടില്‍ പലപ്പോഴും ഭക്ഷണം മിച്ചം വരാറുണ്ടാകും. മിച്ചം വരുന്ന ഭക്ഷണം റഫ്രിജറേറ്ററില്‍ സൂക്ഷിക്കുകയും പിന്നീട് അടുപ്പിലോ ആവിയിലോ ചൂടാക്കുകയും ചെയ്യുന്നത് വളരെ സാധാരണമാണ്. എന്നാല്‍ എല്ലാ ഭക്ഷ്യവസ്തുക്കളും വീണ്ടും ചൂടാക്കുന്നത് സുരക്ഷിതമല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചില ഭക്ഷ്യവസ്തുക്കള്‍ വീണ്ടും ചൂടാക്കുമ്പോള്‍ വിഷ രാസവസ്തുക്കള്‍ പുറത്തുവിടാം. ഇത് വീണ്ടും ചൂടാക്കി പിന്നീട് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളാണ്. ഏതൊക്കെയാണ് അത്തരത്തിലുള്ള ഭക്ഷണങ്ങള്‍ എന്ന് നോക്കാം…
ഉരുളക്കിഴങ്ങ്
നമ്മുടെയെല്ലാം വീട്ടില്‍ സര്‍വസാധാരണമായി ഉള്ള ഭക്ഷ്യവസ്തുവാണ് ഉരുളക്കിഴങ്ങ്. കറികളില്‍ ഉരുളക്കിഴങ്ങിടുന്നതിനൊപ്പം തന്നെ ഇവ പൊരിക്കാറും തോരന്‍ പോല വെക്കാറുമുണ്ട്. എന്നാല്‍ ഉരുളക്കിഴങ്ങ് വീണ്ടും ചൂടാക്കുന്നത് അത്ര സുരക്ഷിതമല്ല എന്നാണ് പറയുന്നത്. വേവിച്ച ഉരുളക്കിഴങ്ങുകള്‍ കൂടുതല്‍ നേരം ഊഷ്മാവില്‍ സൂക്ഷിച്ചാല്‍ വിഷ രാസവസ്തുക്കള്‍ പുറപ്പെടുവിക്കുന്ന ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ വളരുമത്രേ.
ചീര, മറ്റ് ഇലക്കറികള്‍
ഇലക്കറികള്‍ പോഷകങ്ങളുടെയും നൈട്രേറ്റുകളുടെയും കലവറയാണ്. ഇവ നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതവുമാണ്. എന്നാല്‍ വീണ്ടും ചൂടാക്കുമ്പോള്‍ നൈട്രേറ്റുകള്‍ ദോഷകരമായ വകഭേദങ്ങളായി രൂപാന്തരപ്പെടുന്നു. ഇത് ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും എന്നാണ് പറയുന്നത്. ചീരയും മറ്റ് ഇലക്കറികള്‍ളും അപ്പപ്പോള്‍ തന്നെ കഴിക്കുന്നതാണ് സുരക്ഷിതം.
ചിക്കന്‍
ചിക്കന്‍ പ്രോട്ടീനുകളാല്‍ സമ്പന്നമാണ് എന്ന് അറിയാമല്ലോ. എന്നാല്‍ ഇവ വീണ്ടും ചൂടാക്കുന്നത് അപകടകരമാണ്. ഉയര്‍ന്ന ഊഷ്മാവില്‍ ചിക്കന്‍ ചൂടാക്കുമ്പോള്‍ പ്രോട്ടീന്‍റെ ഘടനയില്‍ മാറ്റം വരാം എന്നാണ് പറയുന്നത്. ഇത് ദഹനക്കേടിനും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുമത്രേ. അതിനാല്‍ ചിക്കന്‍ വീണ്ടും ചൂടാക്കണമെങ്കില്‍ കുറഞ്ഞ താപനിലയില്‍ അത് ചെയ്യാന്‍ ശ്രമിക്കുക.
മുട്ട
ചിക്കന്‍ പോലെ തന്നെ മുട്ടയിലും പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ വീണ്ടും ചൂടാക്കുമ്പോള്‍ ബാക്ടീരിയകള്‍ വേഗത്തില്‍ വികസിക്കും. മുട്ട പാകം ചെയ്താലുടന്‍ കഴിക്കുന്നതാണ് നല്ലത്. ശേഷിക്കുന്ന മുട്ടകള്‍ ചൂടാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല.
എണ്ണകളും കൊഴുപ്പുകളും അടങ്ങിയ ഭക്ഷണം
എണ്ണകളും കൊഴുപ്പുകളും അടങ്ങിയ ഭക്ഷണം വീണ്ടും ചൂടാക്കുന്നത് ദോഷകരമാണ്. ഇത് ആരോഗ്യത്തിന് ഹാനികരമായ ട്രാന്‍സ് ഫാറ്റുകളും ഫ്രീ റാഡിക്കലുകളുമാക്കി മാറ്റും. ഇത് ഹൃദ്രോഗത്തിനും മറ്റ് ഗുരുതരമായ രോഗങ്ങള്‍ക്കും കാരണമാകും. അതുകൊണ്ട് പാചകം ചെയ്യുമ്പോള്‍ എണ്ണ കുറച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. എണ്ണകളോ കൊഴുപ്പുകളോ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.