ശരീരത്തിലെ ചില ധാതുക്കളും ലവണങ്ങളും കല്ലുകളായി വൃക്കകളിൽ അടിഞ്ഞുകൂടുന്നത് വേദനയുണ്ടാക്കുന്ന രോഗാവസ്ഥയാണ്. വൃക്കയിലെ ഈ കല്ലുകൾ ദീർഘകാലം കണ്ടെത്താൻ കഴിയാതെ വന്നാൽ അവ മൂത്രനാളിയിലേക്ക് പ്രവേശിച്ച് മൂത്രത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിനെ തടയും. നിർജ്ജലീകരണം, ഓക്സലേറ്റ്, കാൽസ്യം തുടങ്ങിയ ഭക്ഷണക്രമം ഉൾപ്പെടെയുള്ള ഘടകങ്ങളുടെ ഫലമാണ് പലപ്പോഴും വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത്. വൃക്കയിൽ കല്ല് വരുന്നത് പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾക്ക് കാരണമാകാം. പ്രത്യേകിച്ച് മൂത്രം ഒഴിക്കുമ്പോൾ ഉണ്ടാകുന്ന അസഹനീയമായ വേദനയും കൃത്യമായി മൂത്രം പോകാതിരിക്കുന്ന അവസ്ഥയുമെല്ലാം ഇതിന്റെ ബുദ്ധിമുട്ടുകളിൽ ഒന്നാണ്. കിഡ്‌നിയുടെ ആരോഗ്യത്തെ സഹായിക്കുന്നതിനും വൃക്കയിലെ കല്ല് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ.
നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളിൽ സിട്രേറ്റ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയാൻ സഹായിക്കും. മാതളനാരങ്ങയ്ക്ക് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. മാത്രമല്ല വൃക്കകളുടെ പ്രവർത്തനത്തെ സംരക്ഷിക്കുകയും ചെയ്യും. ബ്ലൂബെറി, സ്‌ട്രോബെറി തുടങ്ങിയ ബെറികളിൽ ആന്റി ഓക്‌സിഡന്റുകൾ ധാരാളമുണ്ട്. ഓക്‌സലേറ്റ് കുറവായതിനാൽ ഇവ വൃക്കകളുടെ ആരോഗ്യത്തിന് സഹായകമാണ്. പയർവർഗ്ഗങ്ങളും പരിപ്പുകളും വൃക്കയിലെ കല്ലുകൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ്. ബ്രോക്കോളിയിൽ കുറഞ്ഞ അളവിൽ ഓക്‌സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാൽസ്യം ഓക്‌സലേറ്റ് കല്ലുകളുടെ അപകടസാധ്യത കുറയ്ക്കുന്നതിന് നല്ലതാണ്. വൃക്കകളിൽ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടവർ ഭക്ഷണകാര്യങ്ങളിൽ കരുതലെടുക്കണം.