നിങ്ങളൊരു പ്രമേഹരോഗിയാണെങ്കിൽ കാലുകൾക്ക് നിരന്തര പരിചരണം ആവശ്യമാണ്. സാധാരണ അവഗണിക്കുന്ന കാലുകളിലെ ചെറിയ പ്രശ്നങ്ങൾ പോലും പ്രമേഹരോഗികളിൽ കടുത്ത പ്രത്യാഘാതം ഉണ്ടാക്കും. ദിവസവും കാലുകളുടെ പരിചരണത്തിനായി കുറച്ച് സമയം കണ്ടെത്തുക. പാദങ്ങളിൽ അസ്വാഭാവികതകൾ ഇല്ലെന്ന് ഉറപ്പ് വരുത്തുക. പാദങ്ങളുടെ അടിവശം ദൃശ്യമല്ലെങ്കിൽ കണ്ണാടി ഉപയോഗിക്കുക. ദിവസവും സോപ്പ് ഉപയോഗിച്ച് ചൂടുവെള്ളത്തിൽ കാലുകൾ കഴുകുക. കാലുകളിലെ നനവ് പ്രത്യേകിച്ച് വിരലുകൾക്കിടയിൽ ഉള്ളത് തുണി കൊണ്ട് തുടച്ച് വൃത്തിയാക്കുക. കാലുകളിൽ മോയ്സുചൈറേസഷൻ ക്രീം പുരട്ടുക(വിരലുകൾക്കിടയിൽ പുരട്ടേണ്ടതില്ല). മുറിവ് പറ്റിയാൽ അത് അവഗണിക്കാതെ മരുന്ന് വെക്കുകയോ ഡോക്ടറെ കാണുകയോ ചെയ്യുക. ആഴ്ചയിൽ ഒരു തവണയെങ്കിലും നഖം വെട്ടുക. നഖങ്ങളുടെ അറ്റവും വശങ്ങളും വൃത്തിയാക്കാൻ കൂർത്ത അറ്റങ്ങളുള്ള വസ്തുക്കൾ ഉപയോഗിക്കാതിരിക്കുക. കാലുകളുടെ വലുപ്പത്തിനനുസരിച്ചുള്ള ചെരുപ്പുകൾ ധരിക്കുക. തണുപ്പ് കൂടുന്ന അവസരങ്ങളിൽ കാലുറകൾ ധരിക്കുക.
അനിയന്ത്രിതമായ പ്രമേഹം സെന്‍സറി ഡയബറ്റിക് ന്യൂറോപതി എന്ന അവസ്ഥയ്ക്ക് കാരണമാകും. പ്രമേഹം കാലിലെ നാഡികളെ നശിപ്പിക്കുന്നത് മൂലം കാല്‍പ്പാദങ്ങള്‍ക്ക് തണുപ്പ്, ചൂട്, വേദന എന്നിവ തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണിത്. ചെറിയ അശ്രദ്ധ പോലും വലിയ അപകടത്തിലേക്ക് നയിക്കും. കാലുകളില്‍ ഉണ്ടാകുന്ന ചെറിയൊരു പോറല്‍ പോലും അണുബാധയ്ക്ക് കാരണമാകും. ഇത് ഉണങ്ങാതെ വ്രണമായി മാറും. നാഡീ തകരാറുകള്‍ മൂലം കാലുകളിലെ പേശികള്‍ പ്രവര്‍ത്തിക്കാതെ വരിക, കാലില്‍ പ്രത്യേക ഭാഗങ്ങളിൽ സമ്മര്‍ദ്ദം കൊടുക്കാന്‍ കഴിയാതെ വരിക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈ രോഗം മൂലം ഉണ്ടാകും. അധിക ഗ്ലൂക്കോസ് നില രക്തക്കുഴലുകളെ നശിപ്പിക്കുന്നതും പ്രമേഹരോഗികളില്‍ കാല്‍പ്പാദ രോഗങ്ങള്‍ക്ക് ഇടയാക്കുന്നു. പെരിഫറ വാസ്‌കുലാര്‍ ഡിസീസ് എന്ന ഈ അവസ്ഥ പാദങ്ങളിലേക്കുള്ള രക്തത്തിന്റെ ഒഴുക്കിന് തടസമുണ്ടാക്കുന്നു. പാദങ്ങളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് കുറയുന്നത് മൂലം കാലിലെ ടിഷ്യൂകള്‍ നശിക്കുകയും മുറിവുകള്‍ ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കുകയും ചെയ്യുന്നു. കാലുകളി അള്‍സര്‍ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. പാദങ്ങളില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ പോലും അവഗണിക്കാതെ വേണ്ട പരിചരണം നല്‍കിയാല്‍ പ്രമേഹം കൊണ്ടുണ്ടാകുന്ന വലിയ അപകടങ്ങളില്‍ നിന്നും രക്ഷ നേടാം.