ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി രാഷ്ട്രപതിയുടെ എയ്ഡ്-ഡി-ക്യാംപ് ചുമതലയില്‍ നാവികസേന വനിതാ ഓഫിസര്‍. ഇന്ത്യന്‍ നാവികസേനയിലെ ലെഫ്റ്റനന്റ് കമാന്‍ഡര്‍ യശസ്വി സോളങ്കിയാണ് പേഴ്‌സണല്‍ സ്റ്റാഫ് ഓഫിസര്‍ എന്നറിയപ്പെടുന്ന എയ്ഡ്-ഡി-ക്യാംപ് പദവിയില്‍ എത്തിയത്. ഔദ്യോഗിക പ്രോട്ടോകോള്‍ ഉറപ്പാക്കുക, രാഷ്ട്രപതിയും വിവിധ വിഭാഗങ്ങളും തമ്മിലുള്ള ഏകോപനവും ആശയവിനിമയവും സുഗമമാക്കുക, ജീവനക്കാരുടെ സുഗമമായ ജോലി ക്രമീകരണം എന്നിവയാണ് എഡിസിമാരുടെ ചുമതല. അഞ്ച് എഡിസിമാരെയാണ് രാഷ്ട്രപതിയുടെ ഓഫിസില്‍ നിയമിക്കുക. ഇവരില്‍ മൂന്ന് പേര്‍ കരസേനയില്‍നിന്നും ഓരോരുത്തര്‍ വീതം നാവികസേനയില്‍നിന്നും വ്യോമസേനയില്‍നിന്നും ആണ് തെരഞ്ഞെടുക്കപ്പെടുക.
സായുധ സേനയില്‍നിന്നുള്ള ഉദ്യോഗസ്ഥരെ രാഷ്ട്രപതിക്ക് നേരിട്ട് തെരഞ്ഞെടുക്കാനും സാധിക്കും. പ്രധാന സൈനിക പദവികളില്‍ വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിന് അനുബന്ധമായാണ് ലെഫ്റ്റനന്റ് കമാന്‍ഡര്‍ യശസ്വി സോളങ്കിയുടെ നിയമനമെന്നാണ് റിപ്പോര്‍ട്ടുകള്‍. കരസേനാ കമാന്‍ഡര്‍മാര്‍, സര്‍വിസ് മേധാവികള്‍, ഗവര്‍ണര്‍മാര്‍ എന്നിവര്‍ക്കാണ് രാഷ്ട്രപതിക്ക് പുറമെ എഡിസിമാരുള്ളത്. ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ വഴിയാണ് യശസ്വി ഇന്ത്യന്‍ നാവികസേനയില്‍ എത്തിയത്. പ്രൊഫഷണല്‍ കരിയറില്‍, മികച്ച നേതൃപാടവവും സമര്‍പ്പണത്തോടെയും പ്രവര്‍ത്തിച്ചിച്ച ഉദ്യോഗസ്ഥ എന്ന നിലയിലാണ് രാഷ്ട്രപതിയുടെ എയ്ഡ്-ഡി-ക്യാംപ് പദവിയില്‍ നിയമിതയായതെന്നാണ് റിപ്പോര്‍ട്ടുകള്‍.