അയിരൂർ : അറിഞ്ഞവർക്ക് ഗുരു ഈശ്വരൻ തന്നെയാണെന്ന് എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി. പുത്തേഴം ശ്രീ ശങ്കരോദയ മഹാദേവ ക്ഷേത്രത്തിൽ 31-ാമത് അയിരൂർ ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുവിനെ പഠിക്കാൻ ഇപ്പോൾ നടക്കുന്ന ശ്രമങ്ങൾ ഗുണകരമാണ്. ഇതിലൂടെ അദ്ദേഹത്തിലെ ഈശ്വരീയത കൂടുതൽ തിരിച്ചറിയപ്പെടുമെന്നും തുഷാർ പറഞ്ഞു. കോഴഞ്ചേരി യൂണിയൻ പ്രസിഡൻറ് കെ.എൻ.മോഹൻ ബാബു അധ്യക്ഷത വഹിച്ചു. പ്രബോധതീർത്ഥ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി.
പത്തനംതിട്ട യൂണിയൻ പ്രസിഡൻറ് കെ.പദ്മകുമാർ, സിനിൽ മുണ്ടപ്പള്ളി, സി.എൻ.ബാബുരാജൻ എന്നിവർ പ്രസംഗിച്ചു. വനിതാ യുവജനസമ്മേളനം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡൻറ് വിനീതാ അനിൽ അധ്യക്ഷത വഹിച്ചു. ഗുരുദേവമന്ത്ര ലക്ഷാർച്ചനയും നടന്നു. ഉച്ചകഴിഞ്ഞ് നടന്ന സമ്മേളനം ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച രാവിലെ 10-ന് കുമാരനാശാൻ ശതാബ്ദി അനുസ്മരണ സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനംചെയ്യും.