യുഎസ് : വർദ്ധിച്ചുവരുന്ന ആഗോള വ്യാപാര അനിശ്ചിതത്വത്തിനും താരിഫ് വെല്ലുവിളികൾക്കും ഇടയിൽ ചൈനയിലേക്കുള്ള കയറ്റുമതി നിർത്തിവെച്ച് ഫോഡ്. എസ്.യു.വികൾ, പിക്കപ്പ് ട്രക്കുകൾ, സ്‌പോർട്‌സ് കാറുകൾ എന്നിവയുടെ കയറ്റുമതിയാണ് താത്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. യുഎസ് ഓട്ടോ ഭീമൻ മിഷിഗൺ നിർമ്മിത എഫ്-150 റാപ്റ്റർ, മുസ്താങ്, ബ്രോങ്കോ സ്‌പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ കയറ്റുമതി നിർത്തിവെച്ചിരിക്കുന്നത്. നിലവിലെ താരിഫുകളുടെ വെളിച്ചത്തിൽ യുഎസിൽ നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയിൽ ഞങ്ങൾ മാറ്റം വരുത്തിയിട്ടുണ്ട് ഫോഡ് പറയുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അമേരിക്കയിൽ നിന്ന് ഏകദേശം 240,000 വാഹനങ്ങൾ ഫോർഡ് ചൈനയിൽ കയറ്റുമതി ചെയ്തിട്ടുണ്ട്. എന്നാൽ 2024 ൽ ഇത് 5,500 ആയി കുറഞ്ഞു. ബീജിംഗും വാഷിംഗ്ടണും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ ഏറ്റവും പുതിയ പ്രതിഫലനമാണ് ഈ നീക്കം.
മറ്റ് നിരവധി തീരുവകൾ പിൻവലിച്ചെങ്കിലും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഉൽപ്പന്നങ്ങൾക്കുള്ള യുഎസ് തീരുവയിൽ ഉറച്ചുനിൽക്കുകയും അവ 145 ശതമാനമായി ഉയർത്തുകയും ചെയ്തു. അതേസമയം കാറുകൾ ഉൾപ്പെടെയുള്ള യുഎസ് കയറ്റുമതിയുടെ തീരുവ ചൈന 125 ശതമാനമായി വർദ്ധിപ്പിക്കുകയും ചെയ്തു. ഫോഡ്, ലിങ്കൺ ബ്രാൻഡുകളിൽ വാഹനങ്ങൾ നിർമിക്കുന്നതിനായി നിരവധി നിർമ്മാണ സംയുക്ത സംരംഭങ്ങൾ ചൈനീസ് കമ്പനികളുമായി ചൈനയിൽ യുഎസ് കമ്പനി നടത്തുന്നുണ്ട്. ഫോഡിന്റെ ചൈനയിലെ ഉൽപ്പാദനത്തിന്റെ ഒരു ഭാഗം മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഈ വാഹനങ്ങളിലൊന്നായ ലിങ്കൺ നോട്ടിലസിന് ഇപ്പോൾ യുഎസ് കനത്ത തീരുവ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.