തിരുവനന്തപുരം: ആരോപണങ്ങള്‍ തുടര്‍ക്കഥയാകുന്നതിനിടയില്‍ സംസ്ഥാന മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിന്റെ വിവരങ്ങളും ചര്‍ച്ചയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ ഇതുവരെ 27 രാജ്യങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്. വിവാരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരങ്ങള്‍ ഉള്ളത്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവും കൂടുതല്‍ വിദേശ യാത്ര നടത്തിയത്. 10 രാജ്യങ്ങളിലാണ് കടകംപള്ളി സന്ദര്‍ശനം നടത്തിയത്. യുഎഇ, യുകെ, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് വത്തിക്കാന്‍, യുഎസ്, സ്‌പെയ്ന്‍, കസാഖിസ്താന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് കടകംപള്ളി സന്ദര്‍ശിച്ചത്. ഇതില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ തവണ സന്ദര്‍ശനം നടത്തിയത് യുഎഇയിലാണ്. 5 തവണ, ഇതില്‍ രണ്ടും സ്വകാര്യ സന്ദര്‍ശനങ്ങളായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഏറ്റവും കൂടുതല്‍ വിദേശ യാത്ര നടത്തിയ രണ്ടാമത്തെ മന്ത്രി. യുഎസ്, ബഹ്‌റിന്‍, നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, യുകെ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. മുഖ്യമന്ത്രി ഏറ്റവും കൂടുതല്‍ സന്ദര്‍ശനം നടത്തിയതും യുഎഇയിലാണ്. നാല് തവണയാണ് അദ്ദേഹം യുഎഇ സന്ദര്‍ശിച്ചത്.
മൂന്നാം സ്ഥാനത്തുള്ള ആരോഗ്യമന്ത്രി കെ.കെ ശൈലജ 8 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. യുകെ, യുഎഇ, തായ്‌ലന്‍ഡ്, ശ്രീലങ്ക, യുഎസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, അയര്‍ലന്‍ഡ്, മോള്‍ഡോവ എന്നീ രാജ്യങ്ങളാണ് ആരോഗ്യമന്ത്രി സന്ദര്‍ശിച്ചത്. ഇ.പി ജയരാജന്‍, എ.കെ ബാലന്‍, ടി.പി രാമകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍, കെ.ടി ജലീല്‍, വി.എസ് സുനില്‍ കുമാര്‍, തോമസ് ഐസക്ക്, ജി. സുധാകരന്‍, സി. രവീന്ദ്രനാഥ്, മാത്യു ടി. തോമസ്, കെ. രാജു, ഇ. ചന്ദ്രശേഖരന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, പരേതനായ തോമസ് ചാണ്ടി എന്നിവരും വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയവരുടെ പട്ടികയിലുണ്ട്.