പത്തനംതിട്ട: വനനിയമം ഭേദഗതി ചെയ്യുവാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍ പറഞ്ഞു. കേരളാ ആദിവാസി കോണ്‍ഗ്രസ് ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദിവാസികളെ നിരന്തരം അവഗണിക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ പുലര്‍ത്തുന്നത്. വന്യമൃഗ ആക്രമണം ഇല്ലാതാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതപ്പെട്ട ജോലി ലഭ്യമാക്കുവാന്‍ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ തയ്യാറാവുന്നില്ലെന്നും സുരേഷ് കുമാര്‍ പറഞ്ഞു.
ഉപാധിരഹിത പട്ടയം ലഭ്യമാക്കുക, തങ്ങളുടെ ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കാനുള്ള അനുവാദം ലഭ്യമാക്കുക, മഴയും വെള്ളപ്പൊക്കവും മൂലം ഒറ്റപ്പെടുന്ന ജനവാസ കേന്ദ്രങ്ങളിലേക്ക് നടപ്പാലം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കുക തുടങ്ങി ആദിവാസി മേഖലയിലെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്തമാസം ജില്ലാ കളക്ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുവാന്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചു. ജില്ലാ പ്രസിഡന്‍റ് ടി.കെ. ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് സി.പി. കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞുമോന്‍ അടിച്ചിപ്പുഴ, സനോജ് കുമാര്‍, ബിന്ദു രാജേന്ദ്രന്‍, മനോജ് മണക്കയം, മധു കുറുമ്പന്‍മുഴി, അജിത്ത് മണ്ണില്‍, നാസര്‍ തോണ്ടമണ്ണില്‍, സതി കടമ്പനാട്, വിഷ്ണു ഇ.വി എന്നിവര്‍ പ്രസംഗിച്ചു.