മല്ലപ്പള്ളി: താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ പൊതുമരാമത്ത് റോഡുകളുടെ വശങ്ങളിൽ കാടുമൂടുന്നത് അപകട ഭീഷണിയാകുന്നു. വാഹന ഡ്രൈവർമാരുടെ കാഴ്ച മറക്കുന്നതിനും പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നതിനും കാരണമാകുകയാണ്. ചില പ്രദേശങ്ങളിൽ ദിശാബോർഡുകളും അപകട സൂചനാ ബോർഡുകൾ പോലും കാണാൻ കഴിയാത്ത നിലയിലാണ് കാട് റോഡിലേക്ക് പടർന്നുപിടിച്ചിരിക്കുന്നത്. റോഡിന്റെ വശങ്ങളിലെ വീടുകളിലെ ഫലവൃക്ഷങ്ങളുടെ ശിഖിരങ്ങളും ചെടികളുo റോഡിലേക്ക് പടർന്നു നിൽക്കുകയാണ്. ഇത് ബസ് യാത്രക്കാരുടെയും മറ്റും ദേഹത്ത് ഉരസുകയാണ്.
കൊടുംവളവുകളിൽ എതിരെ വരുന്ന വാഹനങ്ങൾ ഇതുമൂലം കാണാൻ കഴിയാത്ത സ്ഥിതിയാണ്. ദിശാബോർഡുകളിൽ കാടുകയറി കിടക്കുന്നതിനാൽ സ്ഥലപരിചയമില്ലാത്ത ഡ്രൈവർമാർ വാഹനവുമായി കടന്നുപോകുമ്പോൾ നടുറോഡിൽ നട്ടംതിരിയുന്ന കാഴ്ചയാണ് പ്രധാന റോഡുകളിൽ മിക്കപ്പോഴും . അപകടം ക്ഷണിച്ചു വരുത്തുന്നതിന് കാരണമാകുന്ന പാതയോരങ്ങളിലെ കാടും മരങ്ങളും മുറിച്ചു മാറ്റുന്നതിന് നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ തീരുമാനങ്ങൾ എടുക്കാറുണ്ടെങ്കിലും നടപ്പിൽ വരുത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.