തൊടുപുഴ : പട്ടയഭൂമിയിൽ നട്ട് പരിപാലിച്ച മരം മുറിക്കാനും വിൽക്കാനും കഴിയാതെ ബുദ്ധിമുട്ടിലായി ആയിരക്കണക്കിന് കർഷകർ. ഇടുക്കി ജില്ലയിലടക്കം നിരവധി കർഷകരാണ് ഈ പ്രതിസന്ധി നേരിടുന്നത്. 1977-ന് മുമ്പ് കുടിയേറി കൈവശംവെച്ച ഭൂമിക്ക് സർക്കാർ പട്ടയം നൽകിയിരുന്നു. 1993-ലെ ഭൂപതിവ് ചട്ടപ്രകാരമാണ് കർഷകർക്ക് പട്ടയം കിട്ടിയത്. ഇത്തരത്തിൽ പട്ടയം കിട്ടിയ മലയിഞ്ചിയിലെ കർഷകനാണ് പടിപ്പുഴ ഗോപിപിള്ള എന്ന ഗോപാലപിള്ള. ഗോപിപിള്ളയുടെ മൂന്ന് ഏക്കർ സ്ഥലത്തിനാണ് പട്ടയം ഉള്ളത്. തന്റെ ഭൂമിയിലെ പ്ലാവ്, മാവ്, ആഞ്ഞിലി എന്നിവ ഗോപിപിള്ള വിറ്റു. എന്നാൽ, തടി കൊണ്ടുപോകുന്നത് വനംവകുപ്പ് തടഞ്ഞു. മൂന്നുവർഷമായി പുരയിടത്തിൽകിടക്കുന്ന മരങ്ങൾ ദ്രവിച്ചും ചിതലെടുത്തും നശിക്കുന്നു. പ്രദേശത്തെ മറ്റു കുടുംബങ്ങളും മരം വെട്ടിയിരുന്നു. അതിന്റെ സ്ഥിതി ഇതുതന്നെ. വെട്ടിയിട്ട മരങ്ങൾ കൊണ്ടുപോകാൻ കഴിയാതെവന്നതോടെ, കർഷകരിൽ ഒരാൾ ഹൈക്കോടതിയെ സമീപിച്ചു.
ഹൈക്കോടതിവിധി കർഷകർക്ക് അനുകൂലമായിരുന്നു. കർഷകൻ നട്ട് പരിപാലിച്ച മരമാണെങ്കിൽ വെട്ടിവിൽക്കാൻ അനുമതി നൽകിയായിരുന്നു വിധി. ഇതോടെ വെട്ടിയമരങ്ങൾ കച്ചവടക്കാർ കൊണ്ടുപോയിത്തുടങ്ങി. എന്നാൽ, കർഷകന് ലഭിച്ച അനുകൂല വിധിക്കെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സാമ്പത്തികബുദ്ധിമുട്ടുമൂലം കർഷകർക്ക് സുപ്രീംകോടതിയിൽ കേസ് തുടരാനായില്ല. സർക്കാരിന് അനുകൂലമായ വിധിയുണ്ടായി. വീടുകൾക്ക് ഭീഷണിയായിനിൽക്കുന്ന മരങ്ങൾ മുറിച്ചാൽപോലും വനം വകുപ്പ് കേസെടുക്കും. പട്ടയം നൽകിയ ഭൂമി റിസർവ് വനമായി തുടരുമെന്നുള്ള സർക്കാർ നിബന്ധനയാണ് കർഷകരെ പ്രതിസന്ധിയിലാക്കുന്നത്. റിസർവ് വനമായി കാത്തുസൂക്ഷിക്കാനാണെങ്കിൽ പട്ടയംകൊണ്ട് എന്തുപ്രയോജനം എന്നാണ് കർഷകരുടെ ചോദ്യം.