കോന്നി : വേനൽ കടുത്തതോടെ കോന്നി വനം ഡിവിഷനു കീഴിൽ വിവിധ ഫോറസ്റ്റ് റേഞ്ചുകളിൽ കാട്ടുതീ പടർന്നു പിടിക്കുമ്പോൾ അണയ്ക്കുവാൻ കഴിയാത്തത് പ്രതിസന്ധിയിലാക്കുന്നു. കോന്നി വനം ഡിവിഷനിലെ വിവിധ ഫോറസ്റ്റ് സ്റ്റേഷൻ പരിധികളിൽ വേനൽ ആരംഭിച്ച് നാളിതുവരെ ഏക്കറുകണക്കിന് വന ഭൂമിയാണ് കത്തി നശിച്ചത്. പലയിടത്തും വന സംരക്ഷണ സമിതികൾ പ്രവർത്തനം ഉണ്ടെങ്കിലും തീ അണയ്ക്കുന്നതിൽ ഇവരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. ഉൾവനങ്ങളിൽ കത്തുന്ന തീ പലപ്പോഴും ഇവർ അണയ്ക്കാതെ കിലോമീറ്ററുകളോളം ഭൂമി കത്തി അമർന്ന് ദിവസങ്ങൾക്കു ശേഷമാണ് അണയുക. പലയിടത്തും വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത പ്രദേശമായതിനാൽ പച്ചക്കാടുകൾ വെട്ടി തീ അടിച്ചു കെടുത്തുന്ന പ്രാകൃത രീതിയാണ് വനം വകുപ്പ് ഇപ്പോഴും തുടരുന്നത്.
കാട്ടുതീ അണയ്ക്കുവാൻ നൂതന മാർഗങ്ങളും ഉണ്ടാകുന്നില്ല. ഉണങ്ങിയ മുളകളിൽ പടർന്നു പിടിക്കുന്ന തീ കെടുത്തുവാനും പ്രയാസം ഏറെയാണ്. തണ്ണിത്തോട്, കൊക്കാത്തോട്, മണ്ണീറ, ചിറ്റാർ, സീതത്തോട്, പാടം തുടങ്ങിയ വന മേഖലകളിൽ പലയിടത്തും കാട്ടുതീ ഉണ്ടാകുന്നുണ്ട്. വന സംരക്ഷണ സമിതികളെ ഉപയോഗിച്ച് തീ അണയ്ക്കുന്നുണ്ടെങ്കിലും ഈ പ്രദേശങ്ങളിൽ വന ഭൂമികൾ അഗ്നിക്ക് ഇരയായതായി പറയുന്നു. പാമ്പ് അടക്കമുള്ള അനേകം ജീവജാലങ്ങളും ഈ കാട്ടുതീയിൽ ഇല്ലാതായിട്ടുണ്ട്. കാട്ടുതീ പ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ വനം വകുപ്പ് പലയിടത്തും നടപ്പാക്കുന്നുണ്ടെങ്കിലും ഇതൊന്നും കാര്യക്ഷമമായി മാറുന്നില്ലെന്നാണ് കഴിഞ്ഞ കുറച്ചു കാലയളവിനുള്ളിൽ കോന്നി വന മേഖലയിൽ ഉണ്ടായ അഗ്നിബാധ സൂചിപ്പിക്കുന്നത്. പലപ്പോഴും വനമേഖലയിൽ രാത്രികാലങ്ങളിൽ ഉണ്ടാകുന്ന കാട്ടുതീ അടുത്ത ദിവസം പകലായിരിക്കും കെടുത്തുക. അപ്പോഴേക്കും ഹെക്റ്ററുകളോളം വനം കത്തി നശിക്കുകയും ചെയ്യും. വരും ദിവസങ്ങളിൽ കാട്ടുതീ കൂടുതൽ ശക്തി പ്രാപിക്കാൻ ആണ് സാധ്യത.