തിരുവനന്തപുരം : കൊല്ലം തെന്മല ഡാമിനു സമീപം ചെങ്കോട്ട റോഡരികിലെ 246.62 ഏക്കര്‍ റിസര്‍വ് വനം, റവന്യു രേഖകളില്‍ തരിശുഭൂമിയായി മാറിയെന്ന കണ്ടെത്തലില്‍ അന്വേഷണം നടത്തും. വനം വകുപ്പിന്റെ അന്വേഷണത്തിലാണ് ഈ വസ്തുത കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശദമായ പരിശോധന നടത്തും. തെന്മല വില്ലേജിലെ (സര്‍വേ നമ്പര്‍ 2/1) ഭൂമിയാണു രേഖകളില്‍ തരിശായത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുമെന്നും വനം വകുപ്പ് പറഞ്ഞു.
രേഖകളിലെ കൃത്രിമത്തിനു റവന്യു വകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ പാര്‍ട്ടിയുടെ ചില പ്രാദേശിക നേതാക്കളും കൂട്ടുനിന്നതായി ആക്ഷേപമുണ്ട്. തെന്മല ഫോറസ്റ്റ് റേഞ്ച് ഓഫിസിന്റെ പരിധിയില്‍ പെടുന്നതാണു ആര്യങ്കാവ് റിസര്‍വില്‍ ഉള്‍പ്പെടുന്ന സര്‍വേ നമ്പര്‍ 2/1 പ്രദേശം. 1901 ല്‍ തിരുവിതാംകൂര്‍ ദിവാന്‍ കെ.കൃഷ്ണസ്വാമി റാവുവാണ് ഈ പ്രദേശം റിസര്‍വ് വനമായി വിജ്ഞാപനം ചെയ്തത്.
തഹസില്‍ദാരില്‍ നിന്നു വിശദീകരണം തേടണമെന്നും റവന്യു രേഖകളില്‍ ഉണ്ടായ തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ട് വനം വകുപ്പ് റവന്യു വകുപ്പിനു കത്തു നല്‍കി. രേഖകള്‍ തിരുത്തി റിസര്‍വ് വനം തരിശാക്കി മാറ്റിയാല്‍ കയ്യേറി താമസിക്കുന്നവര്‍ക്കു പട്ടയം കിട്ടുന്നതിന് അവകാശവാദം ഉന്നയിക്കാം. തരിശു ഭൂമിയാണെങ്കില്‍ പട്ടയം കിട്ടാന്‍ എളുപ്പമാണ്. ഇത്തരത്തിലെ തട്ടിപ്പനായിരുന്നു ശ്രമം.
ഭൂമി സംബന്ധിച്ചു റവന്യു വകുപ്പിന്റെ കൈവശമുള്ള ആധികാരിക രേഖയായ ബേസിക് ടാക്‌സ് രജിസ്റ്ററില്‍ (ബിടിആര്‍) തിരുത്തല്‍ വരുത്താതെ റിസര്‍വ് വനം, തരിശുഭൂമിയായി എഴുതിച്ചേര്‍ക്കാന്‍ കഴിയില്ല. വില്ലേജ് ഓഫിസിലാണു ബിടിആര്‍ സൂക്ഷിക്കുന്നത്. ഒരു പകര്‍പ്പ് താലൂക്ക് ഓഫിസിലും ഒരെണ്ണം ബന്ധപ്പെട്ട സബ് രജിസ്റ്റ്രാര്‍ ഓഫിസിലും സൂക്ഷിക്കും. രേഖകളില്‍ കൃത്രിമം കാട്ടി. ഇതെല്ലാം കള്ളക്കളികളുടെ ഭാഗമായിരുന്നു.
ഭൂരേഖകളില്‍ തിരിമറി നടത്തിയത് എന്നാണെന്നു വ്യക്തമല്ല. തിരുത്തല്‍ വരുത്തി റിസര്‍വ് വനം തരിശുഭൂമിയുടെ ഗണത്തില്‍ പെടുത്തിയ ശേഷം, ഭൂമിക്ക് പട്ടയം ലഭിക്കാന്‍ നിരാക്ഷേപ പത്രത്തിനായി പുനലൂര്‍ തഹസില്‍ദാര്‍ക്കു കഴിഞ്ഞ വര്‍ഷം മെയ് 30ന് അപേക്ഷ ലഭിച്ചിരുന്നു. ഇതിന്മേല്‍ അഭിപ്രായം ആരാഞ്ഞു റവന്യു വകുപ്പ് വനം വകുപ്പിനു കത്തു നല്‍കി. ഈ കത്തിലെ അന്വേഷണമാണ് തട്ടിപ്പു കണ്ടെത്തിയത്. മുട്ടില്‍ മരം മുറി ലോബിയ്‌ക്കെതിരെയാണ് സംശയം.
മുട്ടില്‍ മരം മുറിയിലും റവന്യൂ വകുപ്പില്‍ വലിയ ഗൂഢാലോചന നടന്നു. ഇതാണ് മരം മുറിക്കാന്‍ കാരണമായത്. ഇതും വനം വകുപ്പാണ് തടഞ്ഞത്. വനം വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരം തെന്മല ഡിഎഫ്‌ഒ, വനം വകുപ്പ് (സതേണ്‍ സര്‍ക്കിള്‍) ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്കു കൈമാറി. റിസര്‍വ് വനം കയ്യേറിയാല്‍ 5 വര്‍ഷം വരെ തടവും പിഴയുമാണു ശിക്ഷ. ഔദ്യോഗിക രേഖകളില്‍ അനധികൃതമായി തിരുത്തല്‍ വരുത്തിയാല്‍ 7 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാം.