പാലക്കാട്: മുണ്ടൂർ ഞാറക്കാട് കാട്ടാന ആക്രമണത്തിൽ പ്രദേശവാസി കൊല്ലപ്പെട്ട സംഭവം ഖേദകരമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ. ജനം പ്രകോപിതരാണ്. എന്നാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ആനയെ തുരത്താൻ പടക്കം മാത്രമാണ് ഇതുവരെ കൊടുത്തിരുന്നത്. അതുവച്ച് ഒന്നും ചെയ്യാനാവില്ല. അതുകൊണ്ട് ഇന്ന് മുതൽ പുതിയ പരീക്ഷണം നടത്തുകയാണ്. പമ്പ് ആക്ഷൻ ഗൺ ഉപയോഗിച്ച് കാട്ടാനയെ തുരത്താൻ സാധിക്കുമോയെന്നാണ് പരീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഞാറക്കോട് സ്വദേശി കുമാരനാണ് (61) ഇന്ന് പുലർച്ചെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുലർച്ചെ മൂന്നരയ്ക്ക് വീടിന് മുന്നിലെത്തിയ കാട്ടാനയാണ് കുമാരനെ കൊലപ്പെടുത്തിയത്.
രോഷാകുലരായ നാട്ടുകാർ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. ഉന്നത ഉദ്യോഗസ്ഥരെത്താതെ കുമാരൻ്റെ മൃതദേഹം മാറ്റാൻ അനുവദിക്കില്ലെന്ന് നിലപാടെടുത്തു. കുമാരനെ കൊലപ്പെടുത്തിയ കാട്ടാന ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. പാലക്കാട് ജില്ലയിൽ മാത്രം മൂന്ന് പേരാണ് ഈ മാസം ഇതുവരെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എടത്തനാട്ടുകര സ്വദേശി ഉമ്മർ, അട്ടപ്പാടി സ്വദേശി മല്ലൻ എന്നിവരാണ് ഈ മാസം ഇതിന് മുൻപ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടു മാസം മുമ്പ് കുമാരന്റെ വീടിനു സമീപമുള്ള കയറാങ്കോട് കാട്ടാന ആക്രമണത്തിൽ അലൻ എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു.