ഇടുക്കി: ഇടുക്കിയില്‍ മൃഗവേട്ടയ്ക്ക് എത്തിയ മൂന്നുപേരെ കൂടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. രാജാക്കാട് സ്വദേശികളായ ഡസിന്‍, ദിനേശ് എന്നിവരെയാണ് അതിര്‍ത്തി മേഖലയായ ബോഡി മെട്ടില്‍ നിന്നും പിടികൂടിയത്. ഒരാള്‍ ഓടി രക്ഷപെട്ടു. ഇതോടെ കഴിഞ്ഞ രണ്ടുദിവസത്തിനിടെ അഞ്ച് വേട്ടക്കാരെയാണ് വനംവകുപ്പ് പിടികൂടിയത്. ഇന്ന് പിടിയിലായ പ്രതികള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിയ്ക്കുകയും വാഹനം ഇടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് നാടന്‍ തോക്ക് കണ്ടെത്തി
കഴിഞ്ഞ രാത്രിയില്‍ ബോഡി മെട്ട്‌നു സമീപത്തെ വന മേഖലയില്‍ നിന്നും വെടിയൊച്ച കേട്ടിരുന്നു. ഇതേ തുടര്‍ന്ന് ദേവികുളം റേഞ്ച് ഓഫിസര്‍ വെജി പി വി യുടെയും ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ജയന്‍ ജലധരന്റെയും നേതൃത്വത്തില്‍ വന മേഖലയിലും സമീപ പ്രദേശങ്ങളിലും പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് ദേശീയപാതയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ഓട്ടോ കണ്ടെത്തി. വേട്ടക്കാര്‍ വന്ന ഓട്ടോയാണെന്ന് മനസിലാക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സമീപത്ത് നിലയുറപ്പിച്ചു. പുലര്‍ച്ചയോടെ വന മേഖലയില്‍ നിന്നും മൂന്ന് പേര്‍ എത്തി ഓട്ടോയില്‍ കയറിയപ്പോള്‍ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചു. അതിനിടെ ചിന്നക്കനാല്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസറെ ഇടിച്ച് വാഹനം മുന്നോട്ട് ഓടിച്ചു പോവുകയുമായിരുന്നു. തുടര്‍ന്ന് ഇവരെ വാഹനത്തില്‍ പിന്തുടര്‍ന്നാണ് വനം വകുപ്പ് പിടികൂടിയത്. ഇതിനിടെ പ്രതികള്‍ ഉദ്യോഗസ്ഥരെ ആക്രമിയ്ക്കുകയും ഒരാള്‍ ഓടി രക്ഷപെടുകയുമായിരുന്നു.