സീതത്തോട് : ചിറ്റാർ-ഊരാമ്പാറയിലെ കാട്ടാനഭീഷണിക്ക് പരിഹാരമായില്ല. അള്ളുങ്കൽ വനത്തിൽനിന്ന് കക്കാട്ടാറ് കടന്ന് കാട്ടാനകൾ വരുമ്പോൾ വനത്തിനുള്ളിലേക്ക് തിരികെ വിടാൻ നടപടി സ്വീകരിക്കാതെ വാഹനങ്ങളെയും ജനങ്ങളെയും ഏറെ സമയം തടഞ്ഞ് കാട്ടാനകളെ ജനവാസകേന്ദ്രത്തിലേക്ക് കടന്നുപോകാൻ അനുവദിക്കുന്ന വനപാലകരുടെ നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയരുകയാണ്. ചൊവ്വാഴ്ചയും കാട്ടാന സീതത്തോട്-ചിറ്റാർ പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി. കാട്ടാനകൾ ഓരോ ദിവസവും ജനവാസകേന്ദ്രത്തിലേക്ക് കടന്നുകയറി വ്യാപകമായി കൃഷിനശിപ്പിക്കുന്നുണ്ട്. സമീപ പ്രദേശങ്ങളിലെ താമസക്കാരും വലിയ ഭീതിയിലാണ്. അതിനിടെ പ്രദേശത്ത് കൂടുതൽ കാട്ടാനകളെ കണ്ടതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തുവരുന്നുണ്ട്.
രണ്ടാഴ്ചയിലധികമായി ജനവാസകേന്ദ്രത്തിലെത്തി ചിറ്റാർ-സീതത്തോട് പാതയിലൂടെ പതിവായി രണ്ട് കാട്ടാനകളാണ് കടന്നുവരുന്നത്. കാട്ടാനസാന്നിധ്യം പതിവായതോടെ സീതത്തോട്-ചിറ്റാർ പാതയിലെ യാത്ര വലിയ ഭീതിയിലാണ്. കഴിഞ്ഞ ദിവസം സന്ധ്യയോടെ പ്രദേശത്ത് കാട്ടാനകളെത്തിയിരുന്നു. രാത്രി വൈകിയും ഈ വഴി നിരവധി വാഹനങ്ങൾ കടന്നുപോകുക പതിവാണ്. ജനവാസകേന്ദ്രത്തിലേക്ക് കടന്നുവരുന്ന കാട്ടാനയെ തുരത്താൻ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. പ്രദേശത്ത് സോളാർ വേലി നിർമിക്കുമെന്ന് എം.എൽ.എ. വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനിച്ചിരുന്നു. സോളാർ വേലി എത്തുന്നതുവരെ കൂടുതൽ വനപാലകരെ സ്ഥലത്ത് നിയോഗിക്കുകയും വനത്തിനുള്ളിൽനിന്ന് കടന്നുവരുമ്പോൾ തന്നെ ആനയെ തുരത്താനുള്ള നടപടി ഉണ്ടാകണമെന്ന് ചിറ്റാർ പഞ്ചായത്ത് പ്രസിഡന്റ് എ.ബഷീർ ആവശ്യപ്പെട്ടു. ആനകൾക്ക് ജനവാസകേന്ദ്രത്തിലേക്ക് കടന്നുകയറുന്നതിന് വഴിയൊരുക്കുകയാണ് വനംവകുപ്പ് ഇപ്പോൾ ചെയ്യുന്നതെന്നും പ്രസിഡന്റ് കുറ്റപ്പെടുത്തി.
മേഖലയിലെ കാട്ടാനപ്രശ്‌നം വലിയ രാഷ്ട്രീയ കോലാഹലത്തിന് ഇടയാക്കിയെങ്കിലും പ്രശ്‌ന പരിഹാരം വൈകുകയാണ്. അതിനിടെ പ്രദേശത്തേക്ക് കൂടുതൽ കാട്ടാനകൾ കടന്നുവന്നതായുള്ള വിവരങ്ങൾ ജനങ്ങളെയാകെ ആശങ്കയിലാക്കുകയാണ്. കക്കാട്ടാറ് കടന്ന് എത്തുമ്പോൾ തന്നെ കാട്ടാനകളെ വനത്തിനുള്ളിലേക്ക് തുരത്താവുന്നതേയുള്ളൂവെന്നാണ് പ്രദേശവാസികൾ പറയുന്നുത്. സോളാർ വേലിയുൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ വൈകിയാൽ സമരം ശക്തിപ്പെടുത്താനുള്ള ആലോചനകളും വിവിധ രാഷ്ട്രീയകക്ഷികൾ തുടങ്ങിയിട്ടുണ്ട്.