തിരുവനന്തപുരം: ഡിവിഷന്‍ നിലനിര്‍ത്താനും അധ്യാപക തസ്തിക നഷ്ടമാകാതിരിക്കാനും വേണ്ടി വ്യാജരേഖയുണ്ടാക്കിയ കേസില്‍ മുന്‍ പ്രിന്‍സിപ്പലിന് 7 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. കൊല്ലം ജോണ്‍ എഫ് കെന്നഡി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ എസ്. രമാകുമാരിയെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി കുറ്റക്കാരിയെന്ന് കണ്ട് ശിക്ഷിച്ചത്. 21 വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ നേടിയതായി വ്യാജ രേഖയുണ്ടാക്കിയെന്നാണ് കേസ്. അഴിമതി നിരോധന നിയമം 13(1)(ഡി), ഗൂഢാലോചനയ്ക്ക് ഐ. പി. സി 120 (ബി), വ്യാജരേഖകള്‍ ഉപയോഗിച്ചതിന് ഐ. പി. സി 471 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. ഏഴു വര്‍ഷത്തെ തടവിനൊപ്പം, 1,70,000 രൂപ പിഴ ഒടുക്കാനും തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി നിര്‍ദ്ദേശിച്ചു.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമ്പോള്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള വിദ്യാര്‍ത്ഥി-അധ്യാപക അനുപാതം വെച്ച് ഡിവിഷനുകളുടെ എണ്ണം കുറയും. അധ്യാപകരുടെ തസ്തിക നഷ്ടമാവുകയും ചെയ്യും. ഇത് തടയാനായി രമാകുമാരിയും, സ്‌കൂളിലെ മുന്‍ സ്‌കൂള്‍ മാനേജറായിരുന്ന ശ്രീകുമാറും, ഭാര്യയും സ്‌കൂളിലെ അധ്യാപികയായിരുന്ന കുമാരി മായയും ചേര്‍ന്ന് 2004 മുതല്‍ 2009 വരെ വ്യാജരേഖ ചമച്ചുവെന്നാണ് കണ്ടെത്തല്‍. കുട്ടികള്‍ ഇല്ലെങ്കിലും ഹാജര്‍ ബുക്കില്‍ വ്യാജ ഹാജര്‍ രേഖപ്പെടുത്തി വിദ്യാഭ്യാസ വകുപ്പിനെ തെറ്റിദ്ധരിപ്പിച്ച് ഡിവിഷനുകള്‍ നിലനിര്‍ത്തി. ഈ രീതിയില്‍ അഞ്ച് അധ്യാപകര്‍ക്ക് ജോലി നിലനിര്‍ത്തി. അവര്‍ക്ക് ശമ്പളയിനത്തില്‍ 8,94,647 രൂപ അനര്‍ഹമായി നല്‍കാന്‍ ഇടയായെന്ന് കോടതി കണ്ടെത്തി.