ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ സ്വന്തമായി വിദ്യാഭ്യാസ ബോര്‍ഡ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഡല്‍ഹി ബോര്‍ഡ് ഓഫ് സ്കൂള്‍ എജ്യുക്കേഷന്‍ (ഡി.ബി.എസ്.ഇ) രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഡല്‍ഹിയില്‍ 2700 ഓളം സ്കൂളുകള്‍ ഉണ്ട്. അതില്‍ 1,000 എണ്ണം സര്‍ക്കാര്‍ മേഖലയിലും 1700 എണ്ണം സ്വകാര്യ മേഖലയിലുമാണ്. മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളും ഭൂരിഭാഗം സ്വകാര്യ സ്കൂളുകളും നിലവില്‍ സി.ബി.എസ്.ഇ സിലബസിലാണ് പ്രവര്‍ത്തിക്കുന്നത്.
2021-22 അധ്യയന വര്‍ഷം മുതല്‍ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളും ഡല്‍ഹി ബോര്‍ഡ് ഓഫ് സ്കൂള്‍ എജ്യുക്കേഷനിലേക്ക് മാറും. 20 മുതല്‍ 25 ശതമാനം സ്വകാര്യ സ്കൂളുകളും അടുത്ത വര്‍ഷം പുതിയ ബോര്‍ഡിന്റെ ഭാഗമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാ സ്കൂളുകളും ഡി.ബി.എസ്.ഇയിലേക്ക് മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കെജ്രിവാള് പറഞ്ഞു