കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷണത്തെക്കുറിച്ച് മുൻ ഡി.ജി.പി. ആർ. ശ്രീലേഖ നടത്തിയ വിവാദ വെളിപ്പെടുത്തലിന് തൊട്ട് പിന്നാലെ യൂട്യൂബ് ചാനലിൽവന്ന വിവാദ വീഡിയോ പരിശോധിച്ച് ക്രൈംബ്രാഞ്ച്. കേസിൽതുടരന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾ ഗൗരവത്തോടെയാണ് അന്വേഷണസംഘം കാണുന്നത്. അടുത്തദിവസംതന്നെ
ശ്രീലേഖയുടെ മൊഴിയെടുക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. യുട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖ നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയത്.
ദിലീപ് നിരപരാധി ആണെന്ന ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വൻ വിവാദമാണ് ഉടലെടുത്തത്. പല പ്രമുഖരും ഇതിനെതിരെ പ്രതികരിച്ചിരുന്നു. ശ്രീലേഖയുടെ വാക്കുകള്‍ ഇങ്ങനെ,
ദിലീപിനെതിരേ തെളിവ് കിട്ടാത്തതുകൊണ്ടാണ് പുതിയ കേസുമായി പോലീസ് രംഗത്തുവന്നത്. പള്‍സര്‍ സുനി മുമ്പും നിരവധി നടിമാരോട് മോശമായി പെരുമാറിയിട്ടുണ്ട്. ജയിലില്‍നിന്ന് ദിലീപിന് കത്തയച്ചത് പള്‍സര്‍ സുനിയല്ല, സഹതടവുകാരനാണ്. പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത വേളയില്‍ രണ്ടാഴ്ചയോളം അയാള്‍ പോലീസ് കസ്റ്റഡിയിലുണ്ടായിരുന്നു. ഇത്രയും ദിവസങ്ങള്‍ കസ്റ്റഡിയില്‍വച്ച് ചോദ്യംചെയ്തിട്ടും ഇതൊരു ക്വട്ടേഷനായിരുന്നുവെന്ന് കണ്ടെത്താന്‍ പോലീസ് കഴിയാതെ പോയത് എന്തുകൊണ്ടാണെന്ന് ശ്രീലേഖ ചോദിച്ചു. ക്വട്ടേഷനാണെങ്കില്‍ സാധാരണ നിലയില്‍ ഒരു പ്രതി അക്കാര്യം പോലീസിന് മുമ്പാകെ തുറന്നുസമ്മതിക്കേണ്ടതാണെന്നും അവര്‍ പറഞ്ഞു. പള്‍സര്‍ സുനിയും കൂട്ടരും ക്വട്ടേഷന്‍ സംഘങ്ങളാണോയെന്ന് തനിക്ക് ഇപ്പോഴും സംശയമുണ്ട്. ഇവര്‍ ചെയ്ത മുന്‍കാല പ്രവര്‍ത്തികള്‍ മുഴുവന്‍ സ്വയംകാശുണ്ടാക്കാനും ആളുകളെ ഭീഷണിപ്പെടുത്തി പണംതട്ടാനുമാണെന്നും ശ്രീലേഖ പറഞ്ഞു.
അതേസമയം ശ്രീലേഖ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ക്രൈംബ്രാഞ്ച് സംഘം പറയുന്നു. നടിയെ ആക്രമിച്ച കേസിൽ, ഒന്നാം പ്രതി പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധമുബന്ധമുണ്ടെന്ന തെളിവുകൾ അന്വേഷണസംഘം കോടതിക്ക് നൽകിയിരുന്നു. 2017 ഏപ്രിൽ 12-ന് രാവിലെ 11-ന് കാക്കനാട് സബ് ജയിലിൽവെച്ച് സുനി പറഞ്ഞപ്രകാരം സഹതടവുകാരൻ വിപിൻലാൽ കത്തെഴുതുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിന് കിട്ടിയിരുന്നു. ഈ കത്ത് അന്നു രാവിലെ 11-ന് വിപിൻലാൽ കോടതിയിൽ പോകുംവഴി സുഹൃത്ത് വിഷ്ണുവിനെ ഏൽപ്പിക്കുകയും ദിലീപിന് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കത്ത് ദിലീപ് ഏറ്റുവാങ്ങാത്ത സാഹചര്യത്തിൽ വാട്‌സാപ്പ് വഴി അയക്കുകയുമായിരുന്നു. തുടർന്ന് ഈ കത്ത് വിഷ്ണുവിന്റെ പക്കൽനിന്ന് കണ്ടെത്തി കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നും ദിലീപിനൊപ്പം പൾസർ സുനി നിൽക്കുന്ന ഫോട്ടോ വ്യാജമാണെന്ന ആരോപണം തെറ്റാണ്. ഫോട്ടോയും പകർത്തിയ ഫോണും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 2016 നവംബർ 13-ന് വൈകിട്ട് 5.30-ന് തൃശ്ശൂരിൽ ‘ജോർജേട്ടൻസ് പൂരം’ എന്ന ദിലീപ് സിനിമയുടെ ലൊക്കേഷനിൽവെച്ചാണ് ചിത്രമെടുത്തത്. തൃശ്ശൂർ പുല്ലഴി സ്വദേശിയാണ് മൊബൈൽ ഫോണിൽ ദിലീപിനൊപ്പമുള്ള സെൽഫിയെടുത്തത്. ഫോട്ടോയെടുത്തയാൾ ഇക്കാര്യം കോടതിയിൽ സമ്മതിച്ചിട്ടുണ്ടെന്നും ക്രൈം ബ്രാഞ്ച് ആരോപിക്കുന്നു.