തെൽ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നയങ്ങളുടെ ഫലമായി ഇസ്രായേൽ തകർച്ചയുടെ വക്കിലാണെന്ന് മുൻ പാർലമെന്റ് അംഗം. വളരെ ആഴത്തിലുള്ള ഭരണഘടനാ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. മുഴുവൻ ഭരണകൂടത്തിന്റെയും തകർച്ചയ്ക്ക് സാധ്യതയുണ്ട്. ഇടതുപക്ഷ മെറെറ്റ്സ് പാർട്ടിയിലെ സെനറ്റ് മുൻ അംഗം മോഷെ റാസ് ന്യൂസ് ഏജൻസിയായ അനഡോലുവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇസ്രായേലിനുള്ളിലെ വിഭാഗീയത ഫലസ്തീനുമായി ബന്ധപ്പെട്ടതല്ലെന്ന് മോഷെ റാസ് വ്യക്തമാക്കി.
നെതന്യാഹുവിന്റെ പിന്തുണക്കാരും എതിരാളികളും തമ്മിലാണ് യഥാർത്ഥ ഭിന്നിപ്പ്. ജനാധിപത്യത്തെ ദുർബലപ്പെടുത്തുക, അഴിമതി, അവകാശ ലംഘനങ്ങൾ തുടങ്ങി നെതന്യാഹു ചെയ്യുന്ന എല്ലാ കാര്യങ്ങളെയും അദ്ദേഹത്തിന്റെ പക്ഷത്തുള്ളവർ പിന്തുണക്കുന്നു. എന്നാൽ നെതന്യാഹുവിന്റെ എതിരാളികൾ ശക്തമായ ഭാഷയിൽ പ്രതികരിക്കുന്നു. ഇതാണ് യഥാർത്ഥ പ്രശ്നം. ഇപ്പോൾ നടക്കുന്ന അത്രയും ശക്തമായ പ്രതിഷേധങ്ങൾ ഇതിന് മുൻപ് ഒരിക്കലും ഇസ്രായേൽ അഭിമുഖീകരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.