കൊല്‍ക്കത്ത: മുതിര്‍ന്ന ബംഗാളി നടനും തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ എംപിയുമായ തപസ് പാല്‍ അന്തരിച്ചു. 61 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ മുംബൈയിലായിരുന്നു അന്ത്യം. മകളെ കണ്ട് കൊല്‍ക്കത്തയിലേക്ക് മടങ്ങവേ മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഹൃദയാഘാതം ഉണ്ടാകുകയും ജൂഹുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ നാലുമണിയോടെ മരണം സംഭവിക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. കൃഷ്ണനഗറില്‍നിന്നു രണ്ടു തവണ പാര്‍ലമെന്റിലേക്കും അലിപോറില്‍നിന്ന് നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2016 ഡിസംബറില്‍ റോസ് വാലി ചിറ്റ് ഫണ്ട് അഴിമതിക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 13 മാസത്തിനുശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. പിന്നീട് അദ്ദേഹം സിനിമയില്‍ അഭിനയിച്ചിരുന്നില്ല.
1980 ല്‍ ദാദര്‍ കീര്‍ത്തി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്ത് ചുവട് വെയ്ക്കുന്നത്. പിന്നീട് ബംഗാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ അദ്ദേഹം നിരവധി ചിത്രത്തില്‍ അഭിനയിച്ചു. സാഹിബ് (1981), പരബത് പ്രിയ (1984), ഭലോബാസ ഭലോബാസ (1985), അനുരാഗര്‍ ചോയന്‍ (1986), അമര്‍ ബന്ധന്‍ (1986) എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. 1981ല്‍ സാഹിബിനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു.