ന്യൂഡല്‍ഹി : അഭ്യൂഹങ്ങള്‍ക്ക് വഴിവെച്ചുകൊണ്ട് പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാനെത്തി. ഷായുടെ ഡല്‍ഹിയിലെ വസതിയിലാണ് അമരീന്ദര്‍ സിങ് എത്തിയത്. കോണ്‍ഗ്രസ് നേതൃത്വവുമായി പിണങ്ങിയ അമരീന്ദര്‍ ബി.ജെ.പിയില്‍ ചേരുമോയെന്ന ചോദ്യമുയര്‍ത്തിയാണ് കൂടിക്കാഴ്ച.
പഞ്ചാബ് കോണ്‍ഗ്രസിലെ രൂക്ഷമായ പടലപ്പിണക്കത്തിനൊടുവിലാണ് ഈ മാസം 18ന് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശപ്രകാരം അമരീന്ദര്‍ മുഖ്യമന്ത്രി പദം രാജിവച്ചത്. പി.സി.സി അധ്യക്ഷന്‍ നവ്ജ്യോത് സിങ് സിധുവുമായുള്ള ഭിന്നതകളാണ് രാജിക്കിടയാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാലു മന്ത്രിമാര്‍ അടക്കം 40 എം.എല്‍.എമാര്‍ ഹൈക്കമാന്‍ഡിനെ സമീപിക്കുകയായിരുന്നു.
മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ അമരീന്ദര്‍ നേതൃത്വത്തിനെതിരെ സംസാരിച്ചിരുന്നു. രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുഭവസമ്പത്തില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഉപദേശകര്‍ ഇരുവരെയും വഴി തെറ്റിക്കുകയാണ് എന്നും ആരോപിച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരണ്‍ജിത് സിങ് ഛന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ അമരീന്ദര്‍ പങ്കെടുത്തിരുന്നില്ല.