കോഴിക്കോട്; സമസ്‌ത നേതാക്കളെ അവഹേളിച്ച ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പ്രസ്താവന തിരുത്തി മാപ്പ് പറയണമെന്ന് എംഎസ്എഫ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂർ ആവശ്യപ്പെട്ടു. മുസ്ലിം ലീഗിന്റെ മജ്ജയും മാംസവുമായ സമസ്തയെ വെല്ലുവിളിക്കുന്നത് ലീഗിനെ പരാജയപ്പെടുത്തുക എന്ന ഹിഡൻ അജണ്ടയോടു കൂടിയാണോ എന്ന് ഭയപ്പെടുന്നുവെന്നും മുന്നേ പുറത്തുപോയ കാലത്തും മുസ്ലിംലീഗ് പിരിച്ചുവിടണം എന്ന് പറഞ്ഞ സലാം ഇന്ന് അകത്ത് വന്ന് ആ ദൗത്യം നിർവഹിക്കുകയാണോ എന്നും ലത്തീഫ് ചോദിച്ചു.
പിഎംഎ സലാമിന് മറുപടിയുമായി വീണ്ടും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്തുവന്നിരുന്നു. സമസ്ത ആർക്കെങ്കിലും കൊട്ടാനുള്ള ചെണ്ടയോ തുപ്പാനുള്ള കോളാമ്പിയോ അല്ലെന്നാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ തുറന്നടിച്ചത്. കാസർഗോഡ് നീലേശ്വരത്ത് SYS സംസ്ഥാന മീലാദ് ക്യാമ്പയിൻ സമാപന വേദിയിലാണ് ജിഫ്രി തങ്ങളുടെ മറുപടി. ഇതിൽ ആരൊക്കെ വേണം, വേണ്ട എന്ന് തീരുമാനിക്കാൻ ആരെയും അധികാരപ്പെടുത്തിയിട്ടില്ല. ഉത്തരവാദിത്തപെട്ടവർ തന്നെ അധിക്ഷേപങ്ങൾ പറയരുത്. അങ്ങനെ പറയുന്നവരെ ഉത്തരവാദിത്തപെട്ടവർ കടിഞ്ഞാണിടണമെന്നും അല്ലെങ്കിൽ പിടിച്ചു കെട്ടിയിടണമെന്നും അദ്ദേഹം വ്യക്തമാക്കി.