ന്യൂയോർക്ക്: ലോകത്തെ കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് രക്ഷിക്കണമെങ്കിൽ ആഗോള ഫോസിൽ ഇന്ധന വ്യവസായ ഭീമൻമാരെ പരസ്യങ്ങളിൽനിന്ന് നിരോധിക്കണമെന്ന് യു.എൻ തലവൻ അന്റോണിയോ ഗുട്ടെറസ്. കാലാവസ്ഥാ പ്രതിസന്ധിയുടെ ഗോഡ്ഫാദർമാരാണ് കൽക്കരി,എണ്ണ,വാതക കോർപ്പറേറ്റുകൾ.അവർ സത്യത്തെ വളച്ചൊടിച്ച് ദശാബ്ദങ്ങളായി പൊതുജനങ്ങളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ആരോഗ്യത്തിന് ഭീഷണിയായതിനാൽ പുകയില പരസ്യങ്ങൾ നിരോധിച്ചതുപോലെ ഫോസിൽ ഇന്ധനങ്ങൾക്കും അത് ബാധകമാക്കണം. ന്യൂയോർക്കിൽ നടന്ന പൊതു പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹം.ദശകങ്ങളായി പുരോഗതിയെ തടസപ്പെടുത്തുന്നതിൽ തീവ്രത കാണിക്കുന്ന ഫോസിൽ ഇന്ധന വ്യവസായത്തിലേർപ്പെട്ടവരെ നമ്മൾ നേരിടണം.
എണ്ണ- വാതക- കൽക്കരി വ്യവസായ ഭീമൻമാരിൽ പലരും ലോബിയിംഗ്, നിയമ നടപടികൾ, വൻതോതിലുള്ള പരസ്യ പ്രചാരണങ്ങൾ എന്നിവ ഉപയോഗിച്ച് ‘നാണമില്ലാതെ പച്ചക്കള്ളം’ പ്രവർത്തിക്കുകയാണ്. ഫോസിൽ ഇന്ധന കമ്പനികളിൽ നിന്നുള്ള പരസ്യം നിരോധിക്കാൻ എല്ലാ രാജ്യങ്ങളോടും ഞാൻ അഭ്യർത്ഥിക്കുന്നു. അത്തരത്തിലുള്ള പരസ്യം ചെയ്യുന്നത് നിറുത്താൻ വാർത്താ മാദ്ധ്യമങ്ങളോടും സാങ്കേതിക കമ്പനികളോടും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.