തലശേരി : എടക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നടാല്‍ റെയില്‍വേഗേറ്റിനു സമീപം കണ്ടല്‍ക്കാട്ടിലെ ചതുപ്പില്‍ ദുരൂഹസാഹചര്യത്തില്‍ ഇതരസംസ്ഥാനതൊഴിലാളിയുടെ മൃതദേഹo കണ്ടെത്തി. അസം മര്‍ഗരിദ ജില്ലയിലെ ദിനൂദ് നായിക്കിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. നടാലിലെ ബാറില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. ചതുപ്പില്‍ കെട്ടിക്കിടന്ന വെളളത്തില്‍ കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹം. ദുര്‍ഗന്ധമുണ്ടായതിനെ തുടര്‍ന്നുണ്ടായ പരിശോധനയെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. എടക്കാട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷമാണ് മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകെടുക്കുമെന്ന് പോലീസ് അറിയിച്ചു. യുവാവിന്റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റെയില്‍വെ ട്രാക്കിനു സമീപത്ത് മൃതദേഹം കണ്ടെത്തിയതിനാല്‍ ട്രെയിന്‍ തട്ടിയതാണോയെന്നു പോലീസ് സംശയിക്കുന്നുണ്ട്. മൃതദേഹം കണ്ടസ്ഥലത്തേക്ക് കണ്ടല്‍ക്കാടുകള്‍ വെട്ടിതെളിച്ചാണ് പോലീസിന് പ്രവേശിക്കാന്‍ കഴിഞ്ഞത്.
ബാറില്‍ നിന്നും കഴിഞ്ഞ 25ന് ഇയാള്‍ അവധിയെടുത്തിരുന്നു. നാട്ടിലേക്ക് പോകുന്നില്ലെന്നും സുഹൃത്തിനെ കാണാനാണ് പോകുന്നതെന്നും ബാര്‍ അധികൃതരോട് പറഞ്ഞതായി വിവരമുണ്ട്. തിരിച്ചെത്തുമെന്നു പറഞ്ഞദിവസം കഴിഞ്ഞിട്ടും എത്താത്തതിനെ തുടര്‍ന്ന് ബാര്‍ അധികൃതര്‍ എടക്കാട് പോലീസിൽ പരാതി നല്‍കിയിരുന്നു. മൃതദേഹം കണ്ടെത്തുമ്പോള്‍ പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം. ഇയാളുടെ കൂടെ മറ്റാരെങ്കിലുമുണ്ടായിരുന്നുവെന്നു അറിയുന്നതിനായി പ്രദേശത്തെ സിസിടിവി ക്യാമറകള്‍ പോലീസ് പരിശോധിച്ചുവരികയാണ്.