റോത്തക്: 12 ദിവസം മുന്‍പ് കാണാതായ ഹര്യാന്‍വി ഗായികയുടെ മൃതദേഹം ഹരിയാനയിലെ റോത്തക്കിലെ ഹൈവേയ്ക്ക് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി.സംഭവത്തില്‍ രണ്ടു പേരെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിക്കൊണ്ടുപോകാല്‍, കൊലപാതകം, തെളിവുനശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.ഡല്‍ഹി സ്വദേശിനിയാണ് 26കാരിയായ ഗായിക. യൂട്യുബില്‍ അപ്‌ലോഡ് ചെയ്യുന്ന ഇവരുടെ പാട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. മേയ് 11ന് ജോലിയുമായി ബന്ധപ്പെട്ട് വീട്ടില്‍ നിന്നു പോയ ഗായികയെ പിന്നീട് കണ്ടിട്ടില്ലെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു.
രവി, അനില്‍ എന്നിവരാണ് പിടിയിലായത്. ഗായികയുമായി മുന്‍ പരിചയമുള്ളവരാണ് ഇവര്‍. മേയ് 21ന് ഹരിയാനയിലെ മെഹമില്‍ നിന്നാണ് ഇവരെ പിടികൂടിയത്. മെഹമിലെ ഒരു ധനകാര്യ കമ്പനിയില്‍ ജോലിക്കാരാണ് ഇവര്‍. ഗായികയെ കൊല്ലാന്‍ ഇരുവരും പദ്ധതിയിട്ടിരുന്നു. ഇതുപ്രകാരം മ്യുസിക് വീഡിയോ ചെയ്യാനാണെന്ന് പറഞ്ഞ് ഗായികയെ വിളിച്ചുവരുത്തിയ പ്രതികള്‍, അവര്‍ക്ക് ലഹരി നല്‍കിയ ശേഷം കൊലപ്പെടുത്തി. തുടര്‍ന്ന് റോത്തക്കിലെ ഹൈവേയ്ക്ക് സമീപം കുഴിച്ചിടുകയായിരുന്നു.പ്രതികളിലൊരാളായ രവിയുമായി ഗായികയ്ക്ക് മുന്‍പ് ബന്ധമുണ്ടായിരുന്നു. ഇയാള്‍ക്കെതിരെ ബലാത്സംഗ പരാതിയും നല്‍കിയിരുന്നു.