പത്തനംതിട്ട : പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 12 മണിക്കൂറിനിടെ ഉണ്ടായത് നാല് അപകടങ്ങള്‍. ഒരു ജീവന്‍ പൊലിഞ്ഞു. 73 പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകിട്ട് മൂന്നേകാലിന് കൈപ്പട്ടൂര്‍ കടവ് ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചാണ് അപകട പരമ്പരയ്ക്ക് തുടക്കം. 61 പേര്‍ക്കാണ് പരിക്കേറ്റത്. പിന്നാലെ ഓമല്ലൂര്‍ പുത്തന്‍ പീടികയില്‍ എന്‍.ഐ.സി.യു ആംബുലന്‍സ് കാര്‍ ഇടിച്ച് തെറിപ്പിച്ചതിനെ തുടര്‍ന്ന് നാല് കന്യാസ്ത്രീകള്‍ക്ക് പരിക്കേറ്റു. ഇതേ റൂട്ടില്‍ രാത്രി 9.15 ന് രണ്ടുകാറുകളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. രണ്ടു കാറുകളിലുമായി നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ രണ്ടു മണിയോട് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുമ്പഴ വലിയ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് തമിഴ്‌നാട് സ്വദേശികളായ നാല് അയ്യപ്പന്മാര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണം.
കുമ്പഴ വലിയ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച കാറിലുണ്ടായിരുന്ന ശബരിമല തീര്‍ഥാടകര്‍ അത്ഭുതകരമായിട്ടാണാ് രക്ഷപെട്ടത്. പുലര്‍ച്ചെ ആയതിനാല്‍ മറ്റാരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് കാര്‍ പാലത്തിനു താഴെക്ക് പതിച്ചതായി കണ്ടത്. ഉടന്‍ തന്നെ പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചു. പരിക്കേറ്റ നാല് പേരെയും കരയ്‌ക്കെത്തിച്ച് ജനറലാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രി 9.15 ന് കാറുകളും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ചാരുംമൂട് കണ്ണനാകുഴി പണ്ട്യാലയില്‍ ബിനോയ് ഭവനില്‍ ബിനോയ് വര്‍ഗീസ് (32) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരുക്കേറ്റു. പത്തനംതിട്ട അടൂര്‍ റോഡില്‍ കൈപ്പട്ടൂര്‍ പാലത്തിന് സമീപം ആയിരുന്നു അപകടം. രണ്ടു വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ടാണ് ബിനോയി മരിച്ചതെന്ന് പറയുന്നു. കാര്‍ യാത്രക്കാരായ റാന്നി സ്വദേശികളായ ഷൈമ (39), ഹൈഷ (9), അടൂര്‍ സ്വദേശി ജോബി (22), നീണ്ടകര സ്വദേശി അജയ് (20) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് എന്‍.ഐ.സി.യു ആംബുലന്‍സ് അപകടം ഉണ്ടാക്കിയത്. പുത്തന്‍പീടിക ജംഗ്നിഷനില്‍ നിയന്ത്രണം വിട്ട ആംബുലന്‍സ് കാറില്‍ ഇടിച്ചാണ് അപകടം. കാറില്‍ ഉണ്ടായിരുന്ന നാല് കന്യാസ്ത്രീകള്‍ക്ക് പരിക്കേറ്റു. നന്നുവക്കാട് ബഥനി ആശ്രമത്തിലെ കന്യാസ്ത്രീകള്‍ക്കാണ് പരുക്കേറ്റത്. ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റി. ആംബുലന്‍സ് നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന് തൊട്ട് മുമ്പ് മറ്റൊരു കാറിലും ആംബുലന്‍സ് ഇടിച്ചിരുന്നു. നിയന്ത്രണം വിട്ട ആംബുലന്‍സ് കാറിലേക്ക് ഇടിച്ചു കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കൈപ്പട്ടൂര്‍ കടവ് ജംഗ് കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചത് വൈകിട്ട് മൂന്നേകാലിനായിരുന്ന. 61 പേര്‍ക്കാണ് പരുക്കേറ്റത്. മുണ്ടക്കയത്തു നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസും തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് വരികയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ 36 പേരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും 22 പേരെ അടുര്‍ ജനറല്‍ ആശുപത്രിയിലും 2 പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്ന് വന്ന ബസ്സ് അമിത വേഗത്തില്‍ വന്ന് ഇടിക്കുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു.