ഇടുക്കി : പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലിനു സമീപം വീടിനുള്ളില്‍ രണ്ട് കുട്ടികളുള്‍പ്പെടെ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നാലു മൃതദേഹങ്ങളും കണ്ടെടുത്തു. നോര്‍ത്ത് കൊമ്പൊടിഞ്ഞാല്‍ തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), ശുഭയുടെ മാതാവ് ബൈസന്‍വാലി നാല്‍പതേക്കര്‍ പൊന്നംകുന്നേല്‍ പുരുഷോത്തമന്റെ ഭാര്യ പൊന്നമ്മ (72), ശുഭയുടെ മക്കളായ അഭിനന്ദ് (7), അഭിനവ് (5) എന്നിവരാണ് സ്വന്തം വീട്ടില്‍ വെന്തുമരിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധന നടത്തേണ്ടതുണ്ട്.
അയല്‍വാസിയായ ലോറി ഡ്രൈവര്‍ അജിത്ത് ഇതുവഴി വന്നപ്പോഴാണ് വീട് കത്തിനശിച്ച നിലയില്‍ കണ്ടത്. ജനവാസംകുറവുള്ള പ്രദേശത്തെ വീട് പൂർണ്ണമായി കത്തി നശിച്ച നിലയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ ജില്ലാ പൊലീസ് മേധാവി റ്റി.കെ വിഷ്ണു പ്രദീപ്, ഡിവൈ.എസ്.പി: ജില്‍സന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥ സംഘം അടക്കം സ്ഥലത്തെത്തി. ആദ്യഘട്ടത്തില്‍ ഇളയ മകന്‍ അഭിനവിനെ മാത്രമാണ് കണ്ടെത്താനായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ബാക്കി മൂന്നു പേരുടെയും കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ മാത്രമാണ് കണ്ടെത്താനായത്.