വില്ലുപുരം: തമിഴ്‌നാട്ടിലെ വില്ലുപുരത്ത് നടന്ന സൂപ്പർ താരം ദളപതി വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) പാർട്ടിയുടെ സമ്മേളനത്തിലേക്കുള്ള യാത്രാമധ്യേയുണ്ടായ അപകടത്തിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു. അഞ്ച് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ആദ്യ സംഭവം ചെന്നൈ സെൻട്രൽ മൂർ മാർക്കറ്റിൽ നിന്ന് തേനാംപേട്ട് ടിഎംഎസ് മെട്രോ സ്‌റ്റേഷനിലേക്ക് ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന രണ്ട് യുവാക്കൾ സഞ്ചരിച്ച വാഹനത്തിൽ മണൽ ലോറി ഇടിച്ചുള്ള അപകടത്തിൽ ഒരു യുവാവ് മരിച്ചതാണ്. മറ്റൊരു സംഭവത്തിൽ, വിക്രവണ്ടിക്ക് സമീപം ഓടുന്ന ട്രെയിനിൽ നിന്ന് ചാടി ഒരാൾ മരിച്ചുവെന്നും മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്നും വില്ലുപുരം റെയിൽവേ പോലീസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരെല്ലാം തന്നെ ടിവികെ പരിപാടി കാണാനാണ് യാത്ര ചെയ്തിരുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. കല്ലുറിച്ചി ജില്ലയിലെ ഉലുന്ദൂർപേട്ടയ്ക്ക് സമീപം ഷെയ്ഖ് ഹുസൈൻപേട്ടയിൽ വച്ചുണ്ടായ വാഹന അപകടെത്തിലാണ് ടി.വി.കെ പ്രവർത്തകരായ മറ്റ് രണ്ട് പേർ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന എസ്‌യുവി മറിഞ്ഞാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന അഞ്ച് പേർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ടി.വി.കെയുടെ പ്രഥമ സമ്മേളനത്തിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് ആളുകളാണ് എത്തിയിരുന്നത്. രാവിലെ 10 മണിയോടെ തന്നെ ഒരു ലക്ഷത്തോളം ആളുകൾ ഒത്തുകൂടിയതായി സംസ്ഥാന പോലീസ് കണക്കാക്കുന്നു. പിന്നീട് സകല കണക്ക് കൂട്ടലുകളും തെറ്റിച്ച് ജനങ്ങൾ സമ്മേളന നഗരിയിലേക്ക് ഒഴുകിയതോടെ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ ഗതാഗത തടസ്സമാണ് അനുഭവപ്പെട്ടത്. സമ്മേളനത്തിൽ പങ്കെടുത്തതിൻ്റെ ഇരട്ടിയോളം ആളുകൾ സമ്മേളന നഗരിയിൽ എത്താൻ കഴിയാതെ വഴിയിൽ കുടുങ്ങി കിടക്കേണ്ടി വന്നിരുന്നു. പകൽ മുഴുവൻ ആയിരക്കണക്കിന് വാഹനങ്ങളാണ് ടി.വി.കെ പതാകയുമായി വില്ലുപുരം ടോൾ ഗേറ്റ് കടന്നിരിക്കുന്നത്. ഇതിൻ്റെ കണക്കും അധികം താമസിയാതെ പുറത്ത് വരാനാണ് സാധ്യത. പത്ത് ലക്ഷത്തോളം പേർ വിജയ് സംഘടിപ്പിച്ച റാലിക്കായി തെരുവിൽ ഇറങ്ങിയതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട് സർക്കാരിനെയും ഡി.എം.കെയെയും കടന്നാക്രമിച്ചാണ് സമ്മേളനം ഉദ്ഘാടനം ചെയ്ത വിജയ് സംസാരിച്ചിരുന്നത്. 2026-ൽ അധികാരം പിടിക്കുമെന്ന പ്രഖ്യാപനവും അദ്ദേഹം വേദിയിൽ വച്ച് നടത്തുകയുണ്ടായി. റാലിയുടെ വൻ വിജയത്തിൻ്റെ പശ്ചാത്തലത്തിൽ, പ്രതിരോധം തീർക്കാനായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നേരിട്ട് ഡി.എം.കെ പ്രാദേശിക നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ചേർത്തിട്ടുണ്ട്.