ഇടിവെട്ട് ഡിസൈൻ, പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ, മാനുവൽ, ഓട്ടോമാറ്റിക്, ഐഎംടി, ഡിസിടി ഗിയർബോക്‌സ് കോമ്പോകൾ അങ്ങനെ ഒരുപാട് പ്രത്യേകതകൾ കിയ സോനെറ്റിനുണ്ട്. താങ്ങാനാവുന്ന വിലയിൽ നൽകിയതോടെ സോനെറ്റ് അതിവേഗം ക്ലിക്കായി. എന്നാൽ എതിരാളികളെല്ലാം ആധുനികരീതികളോട് അടുത്ത് പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നപ്പോൾ കിയ അൽപം പിന്നോക്കം പോയെന്നു വേണം പറയാൻ. ഇതിനെല്ലാം മറുപടിയുമായി എസ്‌യുവിയുടെ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടൻ നിരത്തുകളിലേക്ക് എത്തും. ADAS പോലുള്ള വമ്പൻ ഫീച്ചറുകളുമായാവും ഇത്തവണ സോനെറ്റ് എത്തുക. ഇതിനിടിയിൽ മറ്റൊരു പഠന റിപ്പോർട്ടാണ് ഇപ്പോൾ ചർച്ചയാവുന്നത്. എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കുറഞ്ഞ മെയിന്റനൻസ് കോസ്റ്റുള്ള മോഡലായി കിയ സോനെറ്റിനെ തെരഞ്ഞെടുത്തിരിക്കുകയാണ്. ഗ്രോത്ത് അഡ്വൈസറി കമ്പനിയായ (Growth advisory Company) ഫ്രോസ്റ്റ് ആൻഡ് സള്ളിവൻ (Frost & Sullivan) റിപ്പോർട്ടിലാണ് കൊണ്ടുനടക്കാൻ ഏറ്റവും ലാഭം സോനെറ്റാണെന്ന് കണ്ടുപിടിച്ചിരിക്കുന്നത്.
സോനെറ്റ് പെട്രോൾ വേരിയന്റുകൾക്ക് 16 ശതമാനം കുറഞ്ഞ മെയിന്റനൻസ് ചെലവും ഡീസൽ വേരിയന്റുകൾക്ക് സെഗ്മെന്റ് ശരാശരിയേക്കാൾ 14 ശതമാനം കുറവുമാണ്. അതേസമയം പെട്രോൾ വേരിയന്റുകളുടെ ഷെഡ്യൂൾ ചെയ്ത മെയിന്റനൻസ് ചെലവ് സെഗ്‌മെന്റ് ശരാശരിയേക്കാൾ 7 ശതമാനം കുറവാണെന്നതും ശ്രദ്ധേയമാണ്. അങ്ങനെ മൊത്തത്തിൽ കൊണ്ടുനടക്കാൻ സോനെറ്റ് അതിന്റെ അടുത്ത എതിരാളിയേക്കാൾ 28 ശതമാനം വരെ ലാഭകരമാണെന്ന് പഠനം തെളിയിച്ചു. ഡീസൽ വേരിയന്റുകളിൽ മെയിന്റനൻസ് ചെലവ് സെഗ്‌മെന്റ് ശരാശരിയേക്കാൾ 23 ശതമാനം കുറവാണ്. എന്നാൽ സോനെറ്റ് പെട്രോൾ വേരിയന്റുകൾ അത്ര ലാഭകരമല്ലെന്ന കണ്ടുപിടിത്തവും പുറത്തുവിട്ടിട്ടുണ്ട്. കാരണം അവ സി-എസ്‌യുവി സെഗ്‌മെന്റിലെ ഏറ്റവും കാര്യക്ഷമമായ മൂന്നാമത്തെ മോഡൽ മാത്രമാണെന്നാണ് പഠനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.
സോനെറ്റ് പെട്രോൾ മോഡലുകൾ മാത്രം ചില മെച്ചപ്പെടുത്തലുകൾ ആവശ്യമായുണ്ട്. സോനെറ്റിന്റെ മെച്ചപ്പെടുത്തൽ മേഖലകളിലൊന്ന് പെട്രോൾ മോഡലിലെ ഇന്ധനക്ഷമതയാണെന്ന് വിശകലനം കണ്ടെത്തിയിട്ടുണ്ട്. പുത്തൻ മോഡൽ ഡിസംബർ 14-ന് അരങ്ങേറ്റം കുറിക്കും. എന്നാൽ 2024 ജനുവരിയോടെയാവും വില പ്രഖ്യാപനം നടക്കുക. തുടർന്ന് ഡെലിവറിയും അതേമാസം തന്നെ നടക്കാനാണ് സാധ്യത. സെഗ്മെന്റിൽ ടാറ്റ നെക്സോൺ, മാരുതി ബ്രെസ, ഹ്യുണ്ടായി വെന്യു പോലുള്ള വമ്പൻമാരുമായാണ് സോനെറ്റിന്റെ തുടർന്നുള്ള മത്സരം.