ഇന്ത്യയില്‍ ഏറ്റവും കിടമത്സരം നടക്കുന്ന സെഗ്‌മെന്റാണ് മിഡ്‌സൈസ് എസ്‌യുവികളുേടത്. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നീ വമ്പന്‍മാര്‍ അടക്കി വാണിരുന്ന സെഗ്‌മെന്റിലേക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കൂടുതല്‍ മോഡലുകള്‍ അരങ്ങേറി. കഴിഞ്ഞ സെപ്റ്റംബറില്‍ അരങ്ങേറിയ മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയും ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ ടൊയോട്ട ഹൈറൈഡറും ചുരുങ്ങിയ കാലം കൊണ്ട് കളം നിറഞ്ഞു. ഇവരെ കൂടാതെ ഫോക്സ്‍വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ്, എംജി ആസ്റ്റര്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളായ ഹോണ്ട എലിവേറ്റും സിട്രണ്‍ C3 എയര്‍ക്രോസും കളത്തിലുണ്ട്. സെഗ്‌മെന്റ് ലീഡര്‍ ഇപ്പോഴും ക്രെറ്റയാണെങ്കിലും രണ്ടാം സ്ഥാനത്തിന് കടിപിടികൂടുകയാണ് സെല്‍റ്റോസും ഗ്രാന്‍ഡ് വിറ്റാരയും. ഒന്ന് രണ്ട് മാസം സെല്‍റ്റോസിനെ പിന്തള്ളി ഗ്രാന്‍ഡ് വിറ്റാര രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.
എന്നാല്‍ അടുത്ത കാലത്തായി സെല്‍റ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയതോടെ മത്സരം അതിന്റെ പാരമ്യത്തിലേക്ക് കടക്കുകയാണ്. ഇതിനിടെ ഏവയെും ഞെട്ടിച്ച് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര ഒരു വില്‍പ്പന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. പുറത്തിറക്കി 1 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പേ ഒരു ലക്ഷം യൂണിറ്റ് വില്‍പ്പനയെന്ന അഭിമാന നേട്ടമാണ് ഗ്രാന്‍ഡ് വിറ്റാര സ്വന്തമാക്കിയത്. 2022 സെപ്റ്റംബര്‍ 26-നാണ് ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ മിഡ്‌സൈസ് എസ്‌യുവി വിപണിയില്‍ എത്തിച്ചത്. 2023 ഓഗസ്റ്റ് 31 വരെ മാരുതി സുസുക്കി 99,317 ഗ്രാന്‍ഡ് വിറ്റാര കാറുകള്‍ വിറ്റഴിച്ചിരുന്നു. ഈ സെപ്റ്റംബര്‍ ആദ്യത്തോടെ വില്‍പ്പന ഒരു ലക്ഷം എന്ന നാഴികക്കല്ല് താണ്ടിയതായാണ് റിപ്പോര്‍ട്ടുകള്‍. 2023 മാര്‍ച്ചില്‍ ഗ്രാന്‍ഡ് വിറ്റാര ആദ്യമായി ഒരു മാസത്തില്‍ 10,000 യൂണിറ്റ് വില്‍പ്പന നേടി. 11,818 യൂണിറ്റ് വിറ്റ് 2023 ഓഗസ്റ്റ് മാസം ഗ്രാന്‍ഡ് വിറ്റാര സ്വന്തം പേരിലാക്കി.
ഡീസല്‍ എഞ്ചിന്‍ ഓപ്ഷന്‍ ഇല്ലെങ്കിലും ക്രെറ്റ, സെല്‍റ്റോസ് എന്നിവക്ക് ലോഞ്ച് ചെയ്തത് മുതല്‍ വെല്ലുവിളി സൃഷ്ടിക്കാന്‍ ഗ്രാന്‍ഡ് വിറ്റാരക്ക് സാധിച്ചിരുന്നു. ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ സാന്നിധ്യമാണ് മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാരയുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത്. ഹൈബ്രിഡ് ടെക് കാരണം ഉയര്‍ന്ന മൈലേജ് ലഭിക്കുന്നത് മോഡലിനെ ജനങ്ങള്‍ക്കിടയില്‍ പ്രിയങ്കരനാക്കി.