രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് മാരുതി സുസുക്കി. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്കുകള്‍ മുതല്‍ പ്രീമിയം എംപിവികള്‍ വരെ ഇന്തോ-ജാപ്പനീസ് വാഹന നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിക്കുന്നു. ഇതിനോടകം ഇന്ത്യയിലെ നമ്പര്‍ വണ്‍ ബ്രാന്‍ഡായ മാരുതി സുസുക്കിക്ക് എല്ലാ സുപ്രധാന സെഗ്മെന്റിലും ഉല്‍പ്പന്നങ്ങളുണ്ട്. വിപണിയില്‍ വെന്നിക്കൊടി പാറിച്ച കമ്പനികള്‍ വരെ ഇന്ന് വമ്പന്‍ ഓഫറുകള്‍ നല്‍കാറുണ്ട്. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് തങ്ങളുടെ സാന്നിധ്യമറിയിക്കാന്‍ അതിലും ബെസ്റ്റ് മാര്‍ഗമില്ല. നല്ല ബെസ്റ്റ് ഓഫര്‍ ഉള്ള സമയം നോക്കി കാര്‍ വാങ്ങുന്നവരാണ് നമ്മള്‍ മലയാളികളും.
ഓണാഘോഷങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായെങ്കിലും വാഹന നിര്‍മാതാക്കളുടെ ഓഫറുകള്‍ക്ക് അന്ത്യമായിട്ടില്ല. മാരുതിയുടെ അരീന മോഡല്‍ നിരയിലെ ഓഫറുകളെ കുറിച്ചുള്ള വിവരങ്ങള്‍ ഞങ്ങള്‍ കഴിഞ്ഞ ദിവസം നിങ്ങളുമായി പങ്കുവെച്ചിരുന്നു. ഇക്കുറി മാരുതിയുടെ പ്രീമിയം വാഹനങ്ങള്‍ വില്‍ക്കുന്ന ‘നെക്സ’യിലെ ഓഫറുകളും ഡിസ്‌കൗണ്ടുകളും പറയാം. നെക്സയിലൂടെ വില്‍ക്കുന്ന ഇഗ്നിസ്, ബലേനോ, സിയാസ് എന്നീ മോഡലുകള്‍ക്കാണ് 2023 സെപ്റ്റംബറില്‍ കിഴിവുകളുള്ളത്. പ്രീമിയം മോഡലുകളായ ഫ്രോങ്ക്സ്, ഗ്രാന്‍ഡ് വിറ്റാര, XL6, ജിംനി എന്നിവക്ക് ഡിസ്‌കൗണ്ടുകളില്ല. ഈ മാസം തെരഞ്ഞെടുക്കപ്പെട്ട നെക്‌സ മോഡലുകള്‍ക്ക് മാരുതി നല്‍കുന്ന കിഴിവുകള്‍ എങ്ങനെയെന്ന് നോക്കാം.
ഇഗ്നിസ് : ക്രോസ്ഓവര്‍ ഹാച്ച്ബാക്ക് ആയ മാരുതി ഇഗ്നിസിനാണ് സെപ്റ്റംബറില്‍ ഏറ്റവും കൂടുതല്‍ ഓഫര്‍ ഉള്ളത്. മാരുതിയുടെ മറ്റ് മോഡലുകളുമായി താരതമ്യം ചെയ്യുമ്പേള്‍ വലിയ വിജയമായില്ലെങ്കിലും തരക്കേടില്ലാത്ത വില്‍പ്പന സമ്മാനിക്കുന്ന മോഡലാണ് ഇഗ്നിസ്. ഹ്യുണ്ടായി എക്സ്റ്റര്‍ പോലുള്ള കുഞ്ഞന്‍ എസ്‌യുവികളുടെ വരവ് വെല്ലുവിളി ഉയര്‍ത്തുന്നതിനാല്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി ഇഗ്നിസിന് മാരുതി ഈ മാസം ഓഫറിട്ടിട്ടുണ്ട്. 64,000 രൂപ വരെ കിഴിവിലാണ് ഈ മാസം ഇഗ്‌നിസ് കാര്‍ സ്വന്തമാക്കാനാകുക. 35,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 15,000 രൂപ എക്സ്ചേഞ്ച് ബോണസും അതില്‍ ഉള്‍പ്പെടുന്നു. ഒപ്പം 10,000 രൂപ അധിക എക്സ്ചേഞ്ച് ബോണസും 4,000 രൂപ കോര്‍പ്പറേറ്റ് ബെനഫിറ്റും നേടാം. ഇഗ്നിസ് സ്പെഷ്യല്‍ എഡിഷന്‍ വേരിയന്റുകള്‍ക്ക് 49,500 രൂപ വരെയാണ് ആനുകൂല്യങ്ങളുള്ളത്. 5.84 ലക്ഷം മുതല്‍ 8.16 ലക്ഷം രൂപ വരെയാണ് ഇഗ്നിസിന്റെ എക്സ്ഷോറൂം വില.
ബലേനോ : ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ് മാരുതി സുസുക്കി ബലേനോ. പുറത്തിറക്കിയത് മുതല്‍ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റ് ഭരിക്കുന്ന മോഡലാണിത്. ഓഗസ്റ്റ് മാസവും ഇന്ത്യയിലെ ടോപ് 5 കാറുകളുടെ പട്ടികയില്‍ ഇടംനേടാന്‍ ബലേനോക്കായിട്ടുണ്ട്. 40,000 രൂപ വരെയാണ് ബലേനോക്ക് ആനുകൂല്യങ്ങളുള്ളത്. ബലേനോയുടെ സീറ്റ ആല്‍ഫ ട്രിമ്മുകള്‍ക്കും സിഎന്‍ജി പതിപ്പിനും 10,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് ലഭിക്കുമ്പോള്‍ സിഗ്മ, ഡെല്‍റ്റ ട്രിമ്മുകള്‍ക്ക് 20,000 രൂപ വരെ ക്യാഷ് ബെനഫിറ്റ് ലഭിക്കും. 10,000 രൂപയാണ് പ്രീമിയം ഹാച്ച്ബാക്കിന് എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കുക. തെരഞ്ഞെടുത്ത കാറുകള്‍ക്ക് 10,000 രൂപ അധിക എക്സ്ചേഞ്ച് ബോണസും നേടിയെടുക്കാം. 6.61 ലക്ഷം മുതല്‍ 9.88 ലക്ഷം രൂപ വരെയാണ് ബലേനോയുടെ എക്സ്ഷോറൂം വില പോകുന്നത്.
മാരുതി സിയാസ്: കമ്പനി പുറത്തിറക്കുന്ന സിയാസ് സെഡാന് ഈ മാസം 28,000 രൂപ വരെയാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക. ക്ലാസിക് മോഡലുകളായ ഹോണ്ട സിറ്റി, ഹ്യുണ്ടായി വെര്‍ണ എന്നിവക്കൊപ്പം സ്‌കോഡ സ്ലാവിയ ഫോക്സ്വാഗണ്‍ വെര്‍ട്ടിസ് എന്നിവ കൂടി എത്തിയതോടെ മിഡ്സൈസ് സെഡാന്‍ സെഗ്മെന്റില്‍ സിയാസ് കനത്ത മത്സരമാണ് നേരിടുന്നത്. ഈ സാഹചര്യത്തിലാണ് വില്‍പ്പന ഉയര്‍ത്താനായി ആകര്‍ഷകമായ ഓഫറുകള്‍ കമ്പനി മുന്നോട്ട് വെക്കുന്നത്. 25000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 3000 രൂപ കോര്‍പറേറ്റ് ബോണസും സഹിതം 28000 രൂപയാണ് മൊത്തം ആനുകൂല്യം. സിയാസിന്റെ എല്ലാ വേരിയന്റുകള്‍ക്കും ഓഫര്‍ ബാധകമാണ്. 9.30 ലക്ഷം മുതല്‍ 12.29 ലക്ഷം രൂപ വരെയാണ് സിയാസിന്റെ എക്സ്ഷോറൂം വില.