പെട്രോളിനും ഡീസലിനും തീവിലയുള്ള ഇക്കാലത്ത് ദീര്‍ഘകാല ഉപയോഗത്തിനായി ഇലക്ട്രിക് കാറുകൾ തന്നെയാണ് ലാഭകരം. എന്നാൽ സ്വന്തമാക്കാൻ തീരുമാനിച്ചാൽ കൈയിൽ നിന്നും കുറച്ചധികം പണം മുടക്കേണ്ടി വരുമല്ലോ എന്നതാണ് പലരുടേയും പരാതി. മുടക്കുമുതൽ കൂടുതലാണെന്ന പരിഭവമുള്ളവർക്ക് ഇവി വാങ്ങാൻ പറ്റിയ സമയങ്ങളിലൊന്നാണ് ഈ മാസം. സാധാരണക്കാരുടെ പൾസറിഞ്ഞ് വൈദ്യുത വാഹനങ്ങൾ പുറത്തിറക്കുന്ന കമ്പനി മോഡൽ നിരയിൽ കിടിലൻ ഇയർ എൻഡ് ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നെക്സോൺ ഇവിയിൽ മാത്രം പ്രഖ്യാപിച്ച ഡിസ്‌കൗണ്ടുകൾ ഇപ്പോൾ കൂടുതൽ ബജറ്റ് ഫ്രണ്ട്ലിയായ ടിഗോർ ഇവി, ടിയാഗോ ഇവികളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. കമ്പനിയുടെ ഇയർ എൻഡ് ഓഫറുകൾക്ക് ഡിസംബർ 31 വരെ അല്ലെങ്കിൽ സ്റ്റോക്കുകൾ അവസാനിക്കുന്നത് വരെ മാത്രമാണ് സാധ്യതയുള്ളത്. ഇലക്ട്രിക് കോംപാക്‌ട് സെഡാനായി ടിഗോറിൽ മൊത്തം 1.10 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ഈ മാസം ഉപയോഗപ്പെടുത്താനാവുക. നിലവിൽ 12.49 ലക്ഷം മുതൽ 13.75 ലക്ഷം വരെ എക്സ്ഷോറൂം വിലയുള്ള ടിഗോർ ഇവിയുടെ വില ഇത്രയും കുറയുന്നത് ഇതാദ്യമായാണ്. സെഡാൻ വാങ്ങുന്നവർക്ക് അതിന്റെ എല്ലാ വേരിയന്റുകളിലും 50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസിനൊപ്പം 50,000 രൂപയുടെ ഫ്ലാറ്റ് ക്യാഷ് ഡിസ്‌കൗണ്ടും ലഭിക്കും. 10,000 രൂപ വരെ കോർപ്പറേറ്റ് ആനുകൂല്യങ്ങളുമാണ് ഇയർ എൻഡ് ഓഫറിനു കീഴിൽ കൊണ്ടുവന്നിരിക്കുന്നത്.
26 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കുമായാണ് ടിഗോർ ഇവി വരുന്നത്. ഫുൾ ചാർജിൽ ARAI അവകാശപ്പെടുന്ന 315 കിലോമീറ്റർ റേഞ്ചാണ് ഈ സെഡാന് നൽകാനാവുന്നത്. മറ്റ് പെർഫോമൻസ് കണക്കുകളിലേക്ക് നോക്കിയാൽ 75 bhp കരുത്തിൽ പരമാവധി 170 Nm torque ഉത്പാദിപ്പിക്കുന്ന പെർമനന്റ് മാഗ്നറ്റ് സിൻക്രണസ് ഇലക്ട്രിക് മോട്ടോറാണ് ടാറ്റയുടെ രണ്ടാമത്ത ഇലക്ട്രിക് കാറിന് നൽകാനാവുന്നത്. അതേസമയം ടിയാഗോ ഇവിയുടെ ഇയർ എൻഡ് ഓഫറിലേക്ക് വന്നാൽ മൊത്തം 70,000 രൂപയുടെ ആനുകൂല്യങ്ങളാണ് ടാറ്റ മോട്ടോർസ് ഈ മാസം വാഗ്ദാനം ചെയ്യുന്നത്. കാറിന്റെ തെരഞ്ഞെടുത്ത വേരിയന്റുകളിൽ 15,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 55,000 രൂപ വരെ ഗ്രീൻ ബോണസ് എന്നിവയാണ് ഇലക്ട്രിക് ഹാച്ച്ബാക്കിൽ ലഭിക്കുന്ന ഇയർ എൻഡ് ഓഫറുകൾ. രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇവിക്ക് ക്യാഷ് ഡിസ്‌കൗണ്ട് കമ്പനി നൽകുന്നില്ല.
എങ്കിലും ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്ന ഈ കിഴിവുകൾ പ്രധാനമായും ഒരു ഇവി സ്വീകരിക്കുന്നതിനുള്ള പ്രോത്സാഹന സമ്മാനമായി കണ്ടാൽ മതിയാവും. ടിയാഗോ ഇവിക്ക് 7,000 രൂപ വരെ കോർപ്പറേറ്റ് കിഴിവുകളും ലഭിക്കുന്നുണ്ടെന്നാണ് വിവരം. നിലവിൽ മോഡലിന് ഇന്ത്യയിൽ 8.69 ലക്ഷം മുതൽ 12.04 ലക്ഷം വരെയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. അങ്ങനെ നോക്കുമ്പോൾ മികച്ച ഡീലിൽ വാഹനം വീട്ടിലെത്തിക്കാം. മീഡിയം റേഞ്ച്, ലോംഗ് റേഞ്ച് എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ടിയാഗോ ഇവി ലഭ്യമാവുന്നത്. മുൻവശത്ത് 61 bhp പവറിൽ 110 Nm torque ഉത്പാദിപ്പിക്കുന്ന ഫ്രണ്ട് ആക്‌സിൽ മൗണ്ടഡ് ഇലക്ട്രിക് മോട്ടോർ ഉപയോഗിച്ച് MIDC സൈക്കിളിൽ 250 കിലോമീറ്റർ റേഞ്ചാണ് ഇ-ഹാച്ച്ബാക്ക് നൽകുന്നത്. 19.2 കിലോവാട്ട് ബാറ്ററിയാണ് ആദ്യത്തേത് ഉപയോഗിക്കുന്നത്. അതേസമയം ലോംഗ് റേഞ്ച് വേരിയന്റിന് MIDC സൈക്കിളിൽ 315 കിലോമീറ്റർ റേഞ്ച് നൽതാൻ 24kWh ബാറ്ററി പായ്ക്കും ഉപയോഗിക്കുന്നു. ഇത് 74 bhp കരുത്തിൽ 114 Nm torque ആണ് നൽകുന്നത്. ഡിസംബർ 21-ന് പഞ്ച് മൈക്രോ എസ്‌യുവിയുടെ ഇലക്ട്രിക് വേരിയന്റും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോർസ്. ബ്രാൻഡിന്റെ നാലാമത്തെ ഇവിയായിരിക്കും ഇത്. പഞ്ചിന്റെ ഇലക്ട്രിക് പതിപ്പിന്റെ പരീക്ഷണയോട്ട ദൃശ്യങ്ങള്‍ അടുത്തിടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. 325 കിലോമീറ്റര്‍ റേഞ്ചുമായിട്ടായിരിക്കും മോഡലിന്റെ വരവെന്നാണ് സൂചന. വില അടുത്ത വർഷം തുടക്കത്തോടെ പ്രഖ്യാപിക്കും.