മുംബൈ: ഭൂഗർഭ കുടിവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെ നാല് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. മുംബൈയിലെ നാഗ്പദയിൽ നിർമ്മാണ പ്രവൃത്തി നടക്കുന്ന സ്ഥലത്താണ് സംഭവം. ഇന്ന് രാവിലെ 11:30 ഓടെയാണ് ദാരുണ സംഭവം നടന്നത്. ബിസ്മില്ല സ്‌പെയ്‌സിലെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലെ ടാങ്ക് വൃത്തിയാക്കാൻ അഞ്ച് തൊഴിലാളികളാണ് ഇറങ്ങിയത്. തുടർന്ന് അവർക്ക് ബോധം നഷ്ടപ്പെട്ടു. സംഭവത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവർ അഗ്നിശമന സേനയെ വിവരമറിയിച്ചു. തൊഴിലാളികളെ പുറത്തെത്തിച്ച ശേഷം അടുത്തുള്ള ജെ ജെ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അപ്പോഴേക്കും നാലു പേരുടെ മരണം സംഭവിച്ചെന്ന് ഡോക്ടർമാർ പറഞ്ഞു. അഞ്ചാമത്തെ തൊഴിലാളിയുടെ നില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.
ഹസിപാൽ ഷെയ്ഖ് (19), രാജ ഷെയ്ഖ് (20), ജിയാവുല്ല ഷെയ്ഖ് (36), ഇമാൻദു ഷെയ്ഖ് (38) എന്നിവരാണ് മരിച്ചത്. രക്ഷപ്പെട്ട പുർഹാൻ ഷെയ്ഖ് (31) ആശുപത്രിയിലെ നാലാം നമ്പർ വാർഡിൽ ചികിത്സയിലാണ്. രണ്ട് വർഷമായി ടാങ്ക് വൃത്തിയാക്കിയിട്ടില്ലെന്നും ഇത് വിഷവാതകങ്ങൾ അടിഞ്ഞുകൂടാൻ കാരണമായെന്നും ഇതാണ് തൊഴിലാളികളുടെ മരണ കാരണമെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.