പത്തനംതിട്ട: കംബോഡിയ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റ് തട്ടിപ്പ് ശൃംഖലയ്ക്ക് വേണ്ടി സ്വന്തം അക്കൗണ്ട് വാടകയ്ക്ക് നൽകി തട്ടിപ്പ് പണം സ്വീകരിച്ച നാലു യുവാക്കളെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്‌തു. രണ്ടു കേസുകളിലായി 5.32 കോടി തട്ടിയ കേസിലാണ് മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള യുവാക്കളെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എ. വിദ്യാധരൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ചാൽ അമിത ലാഭം ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് കോഴഞ്ചേരി സ്വദേശിയിൽ നിന്ന് 3.45 കോടി തട്ടിയ കേസിൽ മലപ്പുറം കല്പകഞ്ചേരി കക്കാട് അമ്പാടി വീട്ടിൽ ആസിഫ് (30), തെയ്യമ്പാട്ട് വീട്ടിൽ സൽമാനുൽ ഫാരിസ്(23), തൃശൂർ കടവല്ലൂർ ആച്ചാത്ത് വളപ്പിൽ സുധീഷ് (37) എന്നിവരും തിരുവല്ല സ്വദേശിയിൽ നിന്ന് 1.57 കോടി തട്ടിയെടുത്ത കേസിൽ കോഴിക്കോട് ഫറോക്ക് ചുങ്കം ഭാഗത്ത് മനപ്പുറത്ത് വീട്ടിൽ ഇർഷാദുൽ ഹക്ക് (24)എന്നയാളുമാണ് പിടിയിലായത്. ഇതിൽ സുധീഷ് നേരത്തേ കേരള സർക്കാരിന്റെ ലോട്ടറി വഴി 75 ലക്ഷം സമ്മാനം കിട്ടിയ ആളാണ്. പിന്നീട് കടക്കെണിയിൽ മുങ്ങിയതാണ് തട്ടിപ്പിൻ്റെ ഭാഗമാകാൻ കാരണമായത്.
തട്ടിപ്പിന്റെ ആസ്ഥാനം കംബോഡിയയാണ്. ഇവർ ഓൺലൈൻ വഴി തട്ടിയെടുക്കുന്ന പണം തങ്ങളുടെ അക്കൗണ്ടിലേക്ക് വാങ്ങി അതിൻ്റെ കമ്മിഷൻ നേടുകയാണ് യുവാക്കൾ ചെയ്തിരുന്നത്. 30 ലക്ഷം രൂപ വരെയാണ് ഇവർ സ്വന്തം അക്കൗണ്ടിലേക്ക് വാങ്ങിയിരുന്നത്. ഇതിന് 10 ശതമാനം കമ്മിഷനായി മൂന്നു ലക്ഷം ഇവർ വാങ്ങി. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പരസ്യങ്ങൾ നൽകി ആളുകളെ വലയിലാക്കിയ ശേഷം അവരുടെ താല്പര്യങ്ങളും സാമ്പത്തിക ഭദ്രതയും മനസിലാക്കിയാണ് ഇന്ത്യയിൽ തന്നെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്‌ഫർ ചെയ്‌തു വാങ്ങുന്നത്. കംബോഡിയയിൽ ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളിൽ ജോലി ചെയ്‌തിരുന്ന ആന്ധ്ര സ്വദേശികളായ ഹരീഷ് കുരാപതി, നാഗവെങ്കട്ട സൗജന്യ കുരാപതി എന്നിവരെ നേരത്തെ ഈ കേസിലേക്ക് അറസ്റ്റ് ചെയ്‌തിരുന്നു. ഇവരുടെ നേതൃത്വത്തിൽ കേരളത്തിൽ നിന്നും ഉയർന്ന ശമ്പളത്തിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാരെ കംബോഡിയ കേന്ദ്രമാക്കി പ്രവത്തിക്കുന്ന തട്ടിപ്പ് കേന്ദ്രങ്ങളിലേക്ക് റിക്രൂട്ട് ചെയ്യുന്നതായും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്. അന്തർ ദേശീയ ബന്ധങ്ങൾ ഉള്ള ഇത്തരം തട്ടിപ്പ് സംഘങ്ങൾ കബളിപ്പിച്ചെടുക്കുന്ന പണം തൊഴിലില്ലാത്ത യുവാക്കളെ ആകർഷകമായ കമ്മീഷൻ വാഗ്‌ദാനം ചെയ്‌ത് ബാങ്കിൽ നിന്നും പിൻവലിപ്പിച്ച് കരസ്ഥമാക്കുന്ന രീതിയാണ് തുടരുന്നത്. പ്രതികളുടെ കൂട്ടാളികളായ നിരവധി പേർ ഇനിയും ഈ കേസുകളിൽ അറസ്റ്റിലാകാനുണ്ട്. അന്വേഷണം വ്യാപകമാക്കിയതായി ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാർ പറഞ്ഞു. സബ് ഇൻസ്പെക്ടർമാരായ ബി.എസ്.ശ്രീജിത്ത്, കെ.ആർ.അരുൺ കുമാർ, കെ. സജു, സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ റോബി ഐസക്, നൗഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.