പത്തനംതിട്ട : സർക്കാരിന്റെ നാലാം വാർഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ജില്ലാതല യോഗം 24ന് ഇലന്തൂർ പെട്രാസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 10.30 മുതൽ 12.30 വരെ നടക്കുന്ന യോഗത്തിൽ സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, സാമുദായിക നേതാക്കൾ, പ്രവാസികൾ, തൊഴിലാളി പ്രതിനിധികൾ, പ്രൊഫഷണലുകൾ, അദ്ധ്യാപകർ, വ്യവസായികൾ, യുവാക്കൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുക്കും.
വാർഷികത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ പ്രദർശന വിപണന മേള പത്തനംതിട്ട ശബരിമല ഇടത്താവളത്തിൽ മേയ് മാസം നടക്കും.
മേള നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാതല ആലോചനായോഗം മന്ത്രി വീണാ ജോർജിന്റെ ഓൺലൈൻ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലാ കളക്ടർ എസ്.പ്രേംകൃഷ്ണൻ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. എം.എൽ.എമാരായ മാത്യു ടി.തോമസ്, കെ.യു.ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, പത്തനംതിട്ട നഗരസഭ അദ്ധ്യക്ഷൻ ടി.സക്കീർ ഹുസൈൻ, ജില്ലാ പൊലിസ് മേധാവി വി.ജി.വിനോദ് കുമാർ, സബ് കളക്ടർ സുമിത് കുമാർ താക്കൂർ, വിവര പൊതുജന സമ്പർക്ക വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ.പ്രമോദ് കുമാർ, എ.ഡി.എം ബി.ജ്യോതി, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.